പാലക്കാട്: മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷം ബെംഗളൂരു ലക്ഷ്യമാക്കി കടന്ന സനലിനെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് പോലീസ് വലയിലാക്കിയത്. സഹോദരൻ സുനിലിനെക്കൊണ്ട് ഫോണിലൂടെ സനലിനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. വീട്ടിൽ മോഷണം നടന്നെന്നും മോഷണശ്രമത്തിനിടെ അച്ഛനും അമ്മയും കൊല്ലപ്പെട്ടെന്നുമായിരുന്നു സുനിൽ അറിയിച്ചത്. ആരാണ് മോഷണം നടത്തിയതെന്ന് അറിഞ്ഞിട്ടില്ല. മാതാപിതാക്കളുടെ സംസ്കാരച്ചടങ്ങുകളും ക്രിയകളും നടത്തേണ്ടതിനാൽ, എത്രയും വേഗം വീട്ടിലെത്തണമെന്നും സുനിൽ ആവശ്യപ്പെട്ടു.
മോഷണശ്രമത്തിനിടെ കൊല നടന്നെന്നാണ് വീട്ടുകാർ കരുതിയിരിക്കുന്നതെന്ന് വിശ്വസിച്ച സനൽ, സ്ഥലത്ത് പോലീസെത്തി പരിശോധന നടത്തിയോയെന്ന് ചോദിച്ചു. പോലീസ് വന്നിരുന്നെന്ന് പറഞ്ഞപ്പോൾ മോഷ്ടാവിന്റെ വിരലടയാളം ലഭിച്ചിട്ടുണ്ടോയെന്നായിരുന്നു മറ്റൊരു ചോദ്യം.
ഇല്ലെന്ന് സഹോദരൻ അറിയിച്ചതോടെയാണ് മൈസൂരുവിൽനിന്ന് വീട്ടിലേക്ക് വരാൻ സനൽ തീരുമാനിച്ചത്. തീവണ്ടികയറി വീട്ടിലെത്തിയ സനൽ വീട് പൂട്ടിക്കിടക്കുന്നത് കണ്ട് മടങ്ങാനിരുന്നതായിരുന്നു.
ഇതുകണ്ട നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. അടുത്തുള്ള മുരളി ജങ്ഷനിലേക്ക് വരാൻ സഹോദരൻ പറഞ്ഞു. തുടർന്ന്, ഇവിടെനിന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു