ചിറ്റൂർ :
തമിഴ്സിനിമയെ വെല്ലുന്ന തിരക്കഥയിൽ വിവാഹത്തട്ടിപ്പ് നടത്തിയ സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടതായി പൊലീസ്. കേരളത്തിലും തമിഴ്നാട്ടിലും തിരച്ചിൽ ഊർജിതമാക്കി. പിടിക്കപ്പെട്ടവരിൽനിന്ന് അഞ്ചുപേർകൂടി ഉൾപ്പെട്ടതായി വിവരം ലഭിച്ചു. ഇവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചു.
പ്രതികൾ ഉടൻതന്നെ പിടിയിലാവും. അമ്പതോളം തട്ടിപ്പ് നടന്നെങ്കിലും സേലം സ്വദേശി മണികണ്ഠൻ മാത്രമാണ് പരാതി നൽകിയത്. മുഖ്യ ആസൂത്രകനായ തൃശൂര്‍ സ്വദേശി സുനില്‍, പാലക്കാട് കേരളശേരി സ്വദേശി കാര്‍ത്തികേയന്‍ എന്നിവര്‍ക്കൊപ്പം വധുവായി വേഷംകെട്ടിയ വനിത ഉള്‍പ്പെടെ പാലക്കാട് സ്വദേശികളായ സജിത, ദേവി, സഹീദ എന്നിവരാണ് അറസ്റ്റിലായത്.
സേലം സ്വദേശിയുടെ പരാതിയില്‍ കൊഴിഞ്ഞാമ്പാറ പൊലീസാണ് ഇവരെ പിടിച്ചത്. ഡിസംബര്‍ പന്ത്രണ്ടിനാണ് തട്ടിപ്പുണ്ടായത്. വരനായോ വധുവായോ വേഷംകെട്ടി വിവാഹം കഴിഞ്ഞശേഷം പണംതട്ടി കൈയൊഴിയുകയാണ് രീതി. തമിഴ്നാട്ടില്‍ വിവാഹപ്പരസ്യം നല്‍കിയിരുന്ന സേലം സ്വദേശി മണികണ്ഠനെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം അമ്മയ്ക്ക് സുഖമില്ലെന്നു പറഞ്ഞ് പോയ ഭാര്യയെ ഒരാഴ്ചയായിട്ടും കാണാത്തതിനെത്തുടർന്ന് ഗോപാലപുരത്ത് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. സേലത്തുള്ള മാരേജ്ബ്യൂറോ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട ചുരുക്കം ചിലരൊഴിച്ചാൽ ബാക്കിയുള്ളവർ വിവാഹദല്ലാളരാണ്.