പാലക്കാട് : കൊഴിഞ്ഞാമ്ബാറയില്‍ സ്ത്രീകളെ കാണിച്ച് വിവാഹത്തട്ടിപ്പ് നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍.തൃശ്ശൂര്‍ വാണിയമ്ബാറ പൊട്ടിമട പുല്ലംപാടം വീട്ടില്‍ എന്‍. സുനില്‍ (40), പാലക്കാട് കേരളശ്ശേരി മണ്ണാന്‍പറമ്ബ് അമ്മിണിപൂക്കാട് വീട്ടില്‍ വി. കാര്‍ത്തികേയന്‍ (40), വടക്കഞ്ചേരി കുന്നംകാട് കാരക്കല്‍ വീട്ടില്‍ രാമചന്ദ്രന്റെ ഭാര്യ സജിത (32), കാവില്‍പ്പാട് ദേവീനിവാസില്‍ ദാമോദരന്റെ ഭാര്യ ദേവി (60), കാവശ്ശേരി ചുണ്ടക്കാട് അബ്ദുള്‍കരീമിന്റെ ഭാര്യ സഹീദ (36) എന്നിവരെയാണ് കൊഴിഞ്ഞാമ്ബാറ പോലീസ് പിടികൂടിയത് . സംഭവത്തില്‍ അഞ്ചുപേര്‍കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. സേലം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
ആദ്യവിവാഹബന്ധം വേര്‍പെട്ട് രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു തമിഴ്നാട് സേലം പോത്തനായകം പാളയത്തുള്ള മണികണ്ഠന്‍. തമിഴ്‌നാട്ടിലെ മാര്യേജ് ബ്യൂറോ വഴി വിവാഹത്തിനായി ആലോചന ക്ഷണിച്ച മണികണ്ഠനെ ഗോപാലപുരം അതിര്‍ത്തിയിലെ അമ്ബലത്തിലേക്ക് തട്ടിപ്പ് സംഘം വിളിച്ചുവരുത്തി. സജിതയും കൂടെയുണ്ടായിരുന്നു . സജിതയുടെ അമ്മയ്ക്ക് അസുഖമായതിനാല്‍ അന്നുതന്നെ വിവാഹം നടത്തണമെന്ന് മണികണ്ഠനോട് പറയുകയും തുടര്‍ന്ന് ഗോപാലപുരത്തെ ആളൊഴിഞ്ഞ അമ്ബലത്തില്‍ വെച്ച് വിവാഹം നടത്തുകയും ചെയ്തു.
വിവാഹച്ചെലവ്, ബ്രോക്കര്‍ കമ്മിഷന്‍ എന്നിവയിനത്തില്‍ സംഘം മണികണ്ഠനില്‍നിന്ന് ഒന്നരലക്ഷംരൂപ കൈപ്പറ്റി. വിവാഹത്തിനുശേഷം വരന്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന സുനിലും പോയെങ്കിലും അടുത്ത ദിവസം സജിതയുടെ അമ്മയ്ക്ക് അസുഖമാണെന്നു പറഞ്ഞ് ഇരുവരും നാട്ടിലേക്ക് മടങ്ങി . ഫോണ്‍ സ്വിച്ച് ഓഫായിരുന്നതിനാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ മണികണ്ഠനും സുഹൃത്തുക്കളും ഗോപാലപുരത്തെത്തി നടത്തിയ അന്വേഷണത്തില്‍ സംഘം പ്രദേശത്തില്ലെന്ന മറുപടി ലഭിച്ചു . തുടര്‍ന്ന് ഡിസംബര്‍ 21ന് കൊഴിഞ്ഞാമ്ബാറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൊഴിഞ്ഞാമ്ബാറ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാവുന്നത്.
ഇതുവരെ അമ്ബതോളം പേരെ സമാനരീതിയില്‍ പറ്റിച്ചിട്ടുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.