കെ-റെയില്‍: പ്രാഥമിക സാധ്യതാപഠനം അട്ടിമറിച്ചത് ആര്‍ക്കുവേണ്ടിയെന്ന് സര്‍ക്കാര്‍ വിശദമാക്കണം- തുളസീധരന്‍ പള്ളിക്കല്‍
പാലക്കാട് : രാജ്യാന്തര ലോബിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായാണ് കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി മുന്നോട്ടുപോകുന്നതെന്ന പദ്ധതിയുടെ പ്രാഥമിക സാധ്യതാപഠനം നടത്തിയ മുന്‍ ഐആര്‍എസ്ഇ ഉദ്യോഗസ്ഥന്‍ അലോക് വര്‍മയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഗൂഢലക്ഷ്യം സംബന്ധിച്ച ആശങ്ക വര്‍ധിച്ചിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. അധികൃതരുടെ മുഖ്യതാല്‍പര്യം റിയല്‍ എസ്റ്റേറ്റ് വികസനമാണെന്നും അതിനാണ് പ്രാഥമിക സാധ്യതാ പഠനം അട്ടിമറിച്ചതെന്നും ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനീയറിങ് വിഭാഗത്തില്‍ 35 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച് വിരമിച്ച അലോക് വര്‍മ വ്യക്തമാക്കിയിരിക്കുകയാണ്. റെയില്‍വേയുടെ നിലവിലെ ലൈനുകളുമായി ബന്ധിപ്പിക്കാന്‍ കഴിയാത്ത സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ പദ്ധതി നടപ്പാക്കുന്നത് ലാഭകരമായിരിക്കില്ലെന്നും അതിനാല്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും വ്യക്തമാക്കുന്ന പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിച്ചത് ഗൂഢലക്ഷ്യത്തോടെയാണ്. വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പാരിസ്ഥിതിലോല പ്രദേശങ്ങളെ പദ്ധതിയില്‍നിന്ന് ഒഴിവാക്കണം, 40 മുതല്‍ 60 ശതമാനം വരെ എലവേറ്റഡ് പാതയായിരിക്കണം, സ്റ്റേഷനുകള്‍ പരമാവധി നഗരത്തിനകത്തും നിലവിലുള്ള റെയില്‍വേ ലൈനുകള്‍ക്ക് സമീപവും ആയിരിക്കണം തുടങ്ങിയവയും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഇവയെല്ലാം അട്ടിമറിച്ച് സിസ്ത്രയെക്കൊണ്ട് പുതിയൊരു റിപ്പോര്‍ട്ട് കെ-റെയില്‍ സമര്‍ദ്ദം ചെലുത്തിയുണ്ടാക്കുകയായിരുന്നു. ഈ തട്ടിക്കൂട്ട് സാധ്യതാ പഠനത്തിന്റെറ അടിസ്ഥാനത്തിലാണ് വിശദമായ പദ്ധതി രേഖയും തയാറാക്കിയതെന്നുമുള്ള അലോക് വര്‍മയുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരിന്റെ ഹിഡണ്‍ അജണ്ട തുറന്നുകാണിക്കുന്നു. റിയല്‍ എസ്റ്റേറ്റ് വികസനം ലക്ഷ്യമിട്ടും വിദേശ ബാങ്കുകളില്‍ നിന്ന് വലിയ കാലാവധിയില്‍ വായ്പ ലഭിക്കുന്നതിനുമാണ് സ്റ്റാന്‍ഡേര്‍ഡ് ഗേജാക്കിയതെന്നും വ്യക്തമായിരിക്കുകയാണ്. ഇതിലൂടെ വിദേശകമ്പനികള്‍ക്ക് ധാരാളം ബിസിനസും കണ്‍സള്‍ട്ടന്‍സി, ഡിസൈന്‍ എന്നിവയുടെ കരാറും ലഭിക്കും. വലിയ തുക നല്‍കി ക്രോസിങ്, റെയില്‍, സിഗ്‌നലിങ് തുടങ്ങിയവയെല്ലാം അവരില്‍നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരും. സംസ്ഥാന താല്‍പ്പര്യത്തേക്കാള്‍ വിദേശ കുത്തകകള്‍ക്കും റിയല്‍ എസ്റ്റേറ്റിനും വേണ്ടി ആയിരങ്ങളെ കുടിയിറക്കിയും പരിസ്ഥിതിയെ തകര്‍ത്തും ലാഭകരമല്ലാത്ത പദ്ധതി നടപ്പാക്കുന്നതില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.