ഷൊർണൂർ ∙ നെടുങ്ങോട്ടൂരിൽ വയോധികയെയും മരുമകനെയും ആക്രമിച്ചു സ്വർണമാല കവർന്ന കേസിൽ 2009ൽ ഒറ്റപ്പാലം കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാൾ അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ തിരുവഞ്ചിപ്പാളയം ജെ നഗർ രാംരാജ് (രാജു–32) ആണ് വിരുദനഗർ അയ്യനാർ നഗറിൽനിന്നു പിടിയിലായത്. വയോധികയെയും മരുമകനെയും കത്തികൊണ്ട് കുത്തിപ്പരുക്കേൽപിച്ച് മാല പൊട്ടിച്ചെടുത്ത സംഭവം അക്കാലത്തു പ്രദേശത്താകെ ഭീതിപടർത്തിയിരുന്നു.
കേസിലെ രണ്ടാം പ്രതി തളിപ്പറമ്പ് അള്ളംകുളം ഉമേഷ് (31) നേരത്തെ പിടിയിലായിരുന്നു. പാലക്കാട് നർക്കോട്ടിക് ഡിവൈഎസ്പി പി.ശ്രീനിവാസിന്റെ നേതൃത്വത്തിൽ നേരത്തെ അന്വേഷണം സംഘം രൂപീകരിച്ചിരുന്നു. ഷൊർണൂർ ഇൻസ്പെക്ടർ പി.എം.ഗോപകുമാർ, വാളയാർ എഎസ്ഐ എ.കെ.ജയകുമാർ, കൊഴിഞ്ഞാമ്പാറ സിപിഒ ബിജു എന്നിവരടങ്ങിയ സംഘമാണ് മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ രാംരാജിനെ അറസ്റ്റ് ചെയ്തത്.
ഷൊർണൂരിലെ സൈബർ പൊലീസ് ടീമാണ് ഇയാളുടെ നീക്കങ്ങൾ കണ്ടെത്തിയത്. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ രാംരാജിനെ റിമാൻഡ് ചെയ്തു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ കേസുകളിൽ ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നതായി ഷൊർണൂർ പൊലീസ് പറഞ്ഞു