വാളയാര്‍: കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ എ പ്രദീപിന്റെ മൃതദേഹം വാളയാറിൽ വെച്ച് ജന്മനാട് ഏറ്റ് വാങ്ങി. തുടർന്ന് തൃശൂരിലേക്ക് കൊണ്ടുപോയി.
ചന്ദ്രനഗറിലെത്തിയ വിലാപയാത്രയില്‍ വലിയ ജനാവലിയാണ് പങ്കെടുത്തത്.
പാലക്കാട് ചന്ദ്രനഗറില്‍ വഴിനീളെ നിന്നിരുന്ന നൂറുക്കണക്കിന് പേര്‍ ഭൗതികദേഹത്തിന് പുഷ്പാര്‍ച്ചന നടത്തി. പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയനും സംസ്ഥാന ട്രഷറര്‍. പി. കൃഷ്ണദാസ് ഉള്‍പ്പടെയുള്ള ചന്ദ്രനഗറിലെത്തിയ വിലാപയാത്രയില്‍ പ്രദീപിന് അന്തിമോപചാരമര്‍പ്പിച്ചു.
ഊട്ടി സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും റോഡുമാര്‍ഗം വിലാപയാത്രയായാണ് മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത്. വാളയാര്‍ അതിര്‍ത്തിയില്‍ വെച്ച് മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, കെ രാധാകൃഷ്ണന്‍, കെ രാജന്‍ എന്നിവര്‍ ചേര്‍ന്ന് ഭൗതികദേഹം ഏറ്റുവാങ്ങി. ഇവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
തുടര്‍ന്ന് പ്രദീപിന്റെ ഭൗതികദേഹം ജന്മനാടായ തൃശൂര്‍ പൊന്നൂക്കരയിലേക്ക് തിരിച്ചു. രാവിലെ ഡല്‍ഹിയില്‍ നിന്നാണ് പ്രദീപിന്റെ മൃതദേഹം വിമാനമാര്‍ഗം സുലൂര്‍ വ്യോമകേന്ദ്രത്തിലെത്തിച്ചത്.