കൊല്ലങ്കോട്: ഫോറസ്റ്റ് റേഞ്ച് പരിധിയിൽ കൃഷി നാശം വരുത്തുന്ന 11 കാട്ടുപന്നികളെ വനം വകുപ്പ് കഴിഞ്ഞ ദിവസം രാത്രിയും പുലർച്ചയുമായി വെടിവച്ചു കൊന്നു. എലവഞ്ചേരി, പല്ലശ്ശന പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഇവയെ കൊന്നത്. പാലക്കാട് റൈഫിൾ അസോസിയേഷൻ അംഗങ്ങളും പന്നികളെ വെടിവച്ചു കൊല്ലുന്നതിനുള്ള പാനൽ അംഗങ്ങളുമായ എം.ജെ. പൃഥ്വീരാജൻ, പി.എസ്. ദിലീപ് കുമാർ, പി. നവീൻ എന്നിവരാണ് വെടിവച്ചത്. എലവഞ്ചേരിപഞ്ചായത്ത് വട്ടേക്കാട് സന്തോഷ് രാമനാഥൻ, തൂറ്റിപ്പാടം ഉണ്ണിക്കൃഷ്ണൻ, കൊല്ലം പ്പറ്റ പുഴപ്പാലം സുരേഷ്, പല്ലശ്ശന പഞ്ചായത്ത്. പല്ലശ്ശന ചെട്ടിയാർപ്പാടം കളം വാസു, കൊട്ടാരമിൽ മോഹനൻ എന്നിവരുടെ കൃഷിയിടങ്ങളിൽ നിന്നാണ് 11 പന്നികളെ വെടിവച്ച് കൊന്നത്. കൊന്നപ്പന്നികളെ അതത് സ്ഥലത്ത് ആഴത്തിൽ കുഴിയെടുത്ത് മറവ് ചെയതു . കൊല്ലങ്കോട് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.എസ്. മണിയൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി. ഗീതേഷ്, വാച്ചർമാരായ കെ. സുനിൽകുമാർ, ജി. ജിതിൻ, എ. അഖിൽ, എം. ഹക്കീം എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി. കൊല്ലങ്കോട് സെക്ഷൻ പരിധിയിൽ ഇതിനകം 46 കാട്ടുപന്നികളെ രണ്ട് മാസം കൊണ്ട് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് വെടിവച്ചു കൊന്നതായി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.എസ്. മണിയൻ പറഞ്ഞു.