വ്യാപാരികളുടെ ദുരിതം അവസാനിപ്പിക്കുക.
യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ
പാലക്കാട് ടൗണിലെ മുൻസിപ്പൽ ബസ് സ്റ്റാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിനാലും ബസ് സ്റ്റാന്റ് പ്രവർത്തിക്കാത്തതിനാലും പ്രദേശത്തെ വ്യാപാരികളും, തൊഴിലാളികളും ബുദ്ധിമുട്ടിലാണ്. ജി.ബി റോഡിൽ നിന്നും മാർക്കറ്റ് റോഡിലേക്കുളള എസ്ക്കലേറ്ററിന്റെ നിർമ്മാണവും മുടങ്ങി കിടക്കുന്നു. പാലക്കാട് പട്ടണത്തിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ ജി ബി റോഡ് – മാർക്കറ്റ് റോഡ് ബന്ധിപ്പിക്കുന്ന പ്രധാന സഞ്ചാര മാർഗ്ഗമാണ് പാതിവഴിയിൽ പണി എത്തി നിൽക്കുന്നത്.
പ്രധാന മൂന്ന് റോഡുകളിലും ഉപ റോഡുകളിലുമായി ആയിരക്കണക്കിന് വ്യാപാരികളും അവരുടെ തൊഴിലാളികളും അനുബന്ധ തൊഴിൽ മേഘലകളും വലിയ പ്രതിസന്ധിയിലാണ്.
മാർക്കറ്റ് റോഡ്, ടി ബി റോഡ്,ജിബി റോഡ്, റയിൽവേ സ്റ്റേഷൻ റോഡ്, തുടങ്ങി പാലക്കാട് ടൗണിന്റെ പ്രധാന വ്യാപാര കേന്ദ്രങ്ങളാണ് ഇത് മൂലം വലിയ ദുരിതമനുഭവിക്കുന്നത്. പല ആവശ്യങ്ങൾക്കായി ഈ പ്രദേശത്ത് എത്തേണ്ട ജനങ്ങൾക്ക് യാത്ര വലിയ ക്ലേശകരമാണ്. ഈ പ്രദേശങ്ങളിലെ ചുമട്ടു തൊഴിലാളികളും , ഓട്ടോ -ടാക്സി, ടെമ്പോ തൊഴിലാളികളും ബുദ്ധിമുട്ടിലാണ്. മുൻസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്തേക്ക് ബസ്സുകൾ തീരെ വരാത്ത സാഹചര്യമാണ് നിലവിലുളളത്. തിയേറ്ററുകൾ തുറന്നിട്ടും പ്രദേശത്ത് ആളുകൾ എത്താത്തത് ബസ്സുകൾ ആ വഴിക്ക് വരാത്തതിനാലാണ്. ഈ വക എല്ലാ പ്രശ്നങ്ങൾക്കും അടിയന്തിരമായി പരിഹാരം കാണേണ്ടതുണ്ട്.
മുൻസിപ്പൽ കെട്ടിടങ്ങളിൽ വാടകക്ക് മുറിയെടുത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികൾക്ക് 6 മാസത്തെ വാടകയിളവ് സർക്കാർ അനുവദിച്ച് ഉത്തരവിറക്കി എങ്കിലും പാലക്കാട് മുൻസിപ്പാലിറ്റി അത് നടപ്പിൽ വരുത്തിയിട്ടില്ല. പ്രസ്തുത നടപടി പ്രതിഷേധാർഹമാണ്.
മുൻസിപ്പാലിറ്റിയുടെ ഇത്തരം വ്യാപാരി ദ്രോഹ നടപടികൾക്കെതിരെ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പാലക്കാട് നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാപാരികളുടെ പ്രതിഷേധ ധർണ്ണ
18.11.21 വ്യാഴാഴ്ച കാലത്ത് 10.30 ന് മുൻസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് നടത്തുകയാണ്.
ധർണ്ണാ സമരം യു എം സി. സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് ഉൽഘാടനം ചെയ്യുന്നതാണ്. ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിക്കുന്ന പ്രതിഷേധ സമര യോഗത്തിൽ മറ്റ് സംസ്ഥാന – ജില്ലാ , മണ്ഡലം ഭാരവാഹികൾ , വ്യാപാര മേഖലയിലെ മറ്റ് സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.