പാലക്കാട്
നിർമാണം നിലച്ച പാലക്കാട് ഇൻഡോർ സ്റ്റേഡിയം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി തുറന്നുകൊടുക്കാൻ തീരുമാനം. മന്ത്രിമാരായ വി അബ്ദുറഹ്മാൻ, കെ കൃഷ്ണൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ സ്പീക്കർ എം ബി രാജേഷിന്റെ ചേംബറിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.
നിലവിലെ സാങ്കേതിക തടസ്സം പരിഹരിച്ച് ഉടൻ നിർമാണം പൂർത്തിയാക്കും. പാലക്കാട് വിക്ടോറിയ കോളേജിനടുത്ത് സംസ്ഥാന സർക്കാർ ലഭ്യമാക്കിയ 2.44 ഏക്കറിലായിരുന്നു ഇൻഡോർ സ്റ്റേഡിയം നിർമിക്കാൻ പദ്ധതി. 2010 ജനുവരി എട്ടിന് 13.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. മെയ് മൂന്നിന് നിർമാണം തുടങ്ങി. 10.04 കോടി രൂപ ചെലവഴിച്ച് സ്ട്രക്ച്ചർ നിർമാണം പൂർത്തിയാക്കി. 2010––11 സാമ്പത്തിക വർഷത്തെ ബജറ്റിൽ മൂന്നുകോടി രൂപ സ്റ്റേഡിയം പൂർത്തിയാക്കാൻ വകയിരുത്തിയെങ്കിലും തുടർന്നുവന്ന യുഡിഎഫ് സർക്കാർ തുക നൽകിയില്ല. തുടർന്ന് നിർമാണം സ്തംഭിച്ചു. തുടർ നിർമാണത്തിന് ഈ വർഷം മാർച്ച് ഒന്നിന് 10.81 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകി.
ടെൻഡർ നടപടി സമയബന്ധിതമായി പൂർത്തിയാക്കി, അഗ്നിരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ബാക്കി നിർമാണം ഉടൻ പൂർത്തിയാക്കാനാണ് തീരുമാനം. ഇതിനായി വിവിധ വകുപ്പുകളെയും ഏജൻസികളെയും ഏകോപിപ്പിച്ച് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ പ്രേംകുമാർ എംഎൽഎ, പാലക്കാട് ഇൻഡോർ സ്റ്റേഡിയം സൊസൈറ്റി സെക്രട്ടറി ടി ആർ അജയൻ, സ്‌പോർട്‌സ് വകുപ്പിലെയും കിഫ്‌ബിയിലെയും ഉയർന്ന ഉദ്യോഗസ്ഥർ, നിർവഹണ ഏജൻസിയായ കിറ്റ്‌കോയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.