പാലക്കാട് :ഇതര സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് വര്‍ധിക്കുന്നു. പാലക്കാട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി 300 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ഇത് കൂടാതെ മാരക മയക്കുമരുന്നായ എം.ഡി.എം.എ.യും പല സന്ദർഭങ്ങളിലായി പിടികൂടി. കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും വലിയ വേട്ട നടന്നത് മണ്ണാര്‍ക്കാട് താലൂക്കിലാണ്. ഒരാഴ്ച മുമ്പ് തച്ചനാട്ടുകര പാലോട് വില്ലേജ് ഓഫിസിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നു 190 കിലോ കഞ്ചാവ് എക്സൈസ് സംഘം കണ്ടെടുത്തു. 300 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. ഇതിനു ഏതാനും ദിവസം മുമ്പാണ് ലോറിയില്‍ കടത്തുകയായിരുന്ന 205 കിലോ കഞ്ചാവ് കരിങ്കല്ലത്താണിയില്‍ വെച്ച് പെരിന്തല്‍മണ്ണ പൊലീസ് പിടികൂടിയത്.
സമീപ കാലത്തായി കേരളത്തില്‍ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വൻ വര്‍ധനയാണെന്നാണ് ലഹരി വേട്ടകൾ നൽകുന്ന സൂചന. പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണെന്നതും ലഹരി ഉപയോഗത്തിലും കടത്തിലും പുതിയ തലമുറയെ കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്.
എക്സൈസ് ജില്ലയിൽ പൊതുവായുള്ള പരിശോധനക്ക് പുറമെ ഹൈവേ, ബോര്‍ഡര്‍ പട്രോളിങ്ങും സജീവമാക്കിയിട്ടുണ്ട്. റേഞ്ചുകളിലും പരിശോധനകള്‍ ഊർജിതമാക്കിയിട്ടുണ്ട്.