ഒരു ജന പ്രതിനിധിക്കൂ ണ്ടായ ദുരനുഭവം.
—- അസീസ് മാസ്റ്റർ —
വർഷങ്ങളായി കിടപ്പിലായ ബ്രെയിൻ ട്യൂമര് രോഗിയായ യുവതിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിയ തച്ചനാട്ടുകര
പഞ്ചായത്ത് പ്രസിഡൻ്റ് കെ പി എം സലീമിനുണ്ടായ ദുരനുഭവം നമ്മളൊക്കെ അറിഞ്ഞതാണ്.
ഭിന്നശേഷിക്കാരൻ കൂടിയായ അദ്ദേഹത്തിനും സഹായിക്കുമുണ്ടായ മോശം അനുഭവം പ്രതിഷേധാർഹവും ഭിന്നശേഷി സൗഹാർദ്ദത്തിന് ലജ്ജാകരവുമാണ്..
സർട്ടിഫിക്കറ്റിനായുള്ള ബന്ധപ്പെട്ട രേഖകളെല്ലാം സഹിതമാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിയത്. ബന്ധപ്പെട്ട സെക്ഷനിലേക്കുള്ള വഴിയിലൂടെ പോവാൻ പറ്റാത്തതുകൊണ്ടാണ് അദ്ദേഹം ഡ്രൈവറെ വിട്ടത്. വെള്ളപേപ്പറിൽ അപേക്ഷ നൽകണമെന്നാവശ്യപ്പെട്ടപ്പോൾ അതിന് ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നു മാത്രമല്ല മെഡിക്കൽ സൂപ്രണ്ടിന്റെ അനുമതി വേണമെന്നും പറഞ്ഞ് അദ്ദേഹത്തെ മടക്കിവിട്ടു. ഈ മോശം അനുഭവത്തിനു പിന്നാലെ ഒരു ബണ്ടിൽ എ ഫോർ ഷീറ്റും 10 പേനയും താലൂക്ക് ആശുപത്രി ഓഫീസിൽ ഏൽപ്പിച്ച് സൂപ്രണ്ടിൻ്റെ അനുമതിക്ക് കാക്കാതെ അവശരും ആലംബഹീനരുമായവർക്ക് നൽകാനും,പേപ്പർ കഴിഞ്ഞാൽ വിളിച്ച് പറയണമെന്നും പറഞ്ഞേൽപ്പിച്ചാണ് കെ പി എം സലീമും സഹായിയും തിരിച്ചു പോയത്.
ഒരു ബണ്ടിൽ പേപ്പറിലും ഏതാനും പേനയിലും ഒതുങ്ങേണ്ട പ്രതിഷേധമല്ലിത്. ജനപ്രതിനിധിക്ക് പോലും സർക്കാർ സംവിധാനങ്ങളുടെ ചുമതലയുള്ള ജീവനക്കാരുടെ മുട്ടാപോക്ക് നയത്തിൻ്റെ പേരിൽ മോശം അനുഭവം നേരിടുമ്പോൾ സാധാരണക്കാരോടുള്ള സമീപനം എത്രമാത്രം ക്രൂരമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഓരോ ഫയലിലും ഒരു ജീവിതമുണ്ട് എന്ന് മുഖ്യമന്ത്രിയും സാധാരണക്കാരുടെ സർക്കാർ ആണ് കേരളം ഭരിക്കുന്നതെന്ന് ഇടതു മുന്നണികളും നാഴികക്ക് നാൽപ്പത് വട്ടം പറയുമ്പോഴും ജീവിതം സർക്കാർ ജീവനക്കാരുടെ മനുഷ്യത്വ വിരുദ്ധതയുടെ ഇരയാവുന്നവരുടെ കണ്ണീരിനും പ്രതിഷേധത്തിനും യാതൊരു കുറവുമില്ല എന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ നടന്നത്.
നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ ചിലതെങ്കിലും എത്രത്തോളം മനുഷ്യത്വ രഹിതമാണെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെട്ട ദിനമായിരുന്നു എന്ന ആമുഖത്തോടെ തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം സാമൂഹിക മാധ്യമത്തിൽ എഴുതിയതോടെയാണ് വിഷയം നാടൊട്ടുക്കും അറിഞ്ഞത്.
“എൻ്റെ വാർഡിൽ ചാമപ്പറമ്പ് സ്വദേശിനിയായ ബ്രെയിൻ ട്യൂമർ ബാധിച്ച് വർഷങ്ങളായി ചലനശേഷി നഷ്ടപ്പെട്ട്, പൂർണ്ണമായും കാഴ്ച നഷ്ടപ്പെട്ട (ആശുപത്രി ചെലവുകൾക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഒരു കുടുംബത്തിലെ അംഗമായ) ഒരു യുവതിക്ക് മെഡിക്കൽ ബോർഡിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാനായി ബന്ധപ്പെട്ട രേഖകളുമായി ഞാൻ മണ്ണാർക്കാട് താലൂക്ക് സർക്കാർ ആശുപത്രിയിൽ എത്തിയതായിരുന്നു. ആശുപത്രിയുടെ പിന്നാമ്പുറത്തെ ഇടുങ്ങിയ അതിസാഹസികമായി മഹാഭാഗ്യം ചെയ്തവർക്ക് മാത്രം വീണ് തല പൊട്ടാതെ പോകാൻ കഴിയുന്ന വഴിയിലൂടെ പോകേണ്ടതിനാൽ എൻ്റെ ഡ്രൈവർ വശം പേപ്പറുകൾ കൊടുത്തുവിട്ടു. 3.30ന് ഓഫീസിലെത്തി ഫോട്ടോയും അനുബന്ധ രേഖകളും നൽകിയപ്പോൾ വെള്ള പേപ്പറിൽ അപേക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. നിർഭാഗ്യവശാൽ ഒരു എ ഫോർ ഷീറ്റ് കയ്യിൽ ഇല്ലാതിരുന്നതിനാൽ ഒരു ഷീറ്റ് നൽകുമോ എന്ന് ചോദിച്ചു.എന്നാൽ പേപ്പർ നൽകാൻ ഓഫീസിലുള്ളവർ തയ്യാറായില്ല എന്നു മാത്രമല്ല മെഡിക്കൽ സൂപ്രണ്ടിൻ്റെ അനുമതിവേണമെന്ന് പറഞ്ഞ് അദ്ദേഹത്തെ മടക്കി വിടുന്ന സാഹചര്യം ഉണ്ടായി” – സലിം കുറിപ്പിൽ വ്യക്തമാക്കുന്നു.
എല്ലാവർക്കും ഈയൊരു സാഹചര്യം വരാത്തൊരു സുദിനത്തെ നമുക്ക് പ്രത്യാശിക്കാം. പ്രിയ വായനക്കാർക്ക് ശുഭ സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.
ഫോട്ടോ: തച്ചനാട്ടുക്കരപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.എം.സലിം ,