എലുക്കഞ്ചേരി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വാവുത്സവം ആഘോഷം.
നെന്മാറ: പല്ലശ്ശന, എലവഞ്ചേരി, നെന്മാറ എന്നീ പഞ്ചായത്തുകളുടെ സംഗമഭാഗത്ത് നെന്മാറ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ആരണ്യ ക്ഷേത്രമാണ് പരിപാവനമായ എലുക്കഞ്ചേരി ശ്രീ ധർമ്മശാസ്താ ക്ഷേത്രം. ഈ ക്ഷേത്രത്തിൻ്റെ തെക്ക് നെല്ലിയാമ്പതി മലനിരകളിൽ നിന്നുത്ഭവിക്കുന്ന തെന്മലപ്പുഴയും,വടക്ക് ഗായത്രിപ്പുഴയും ഈ ക്ഷേത്രത്തിന് ദൃശ്യചാരുതയേകുന്നു. വർഷങ്ങളുടെ പഴക്കമുള്ള ഈക്ഷേത്രം പുനരുദ്ധാരണത്തിൻ്റെ ഭാഗമായി പുന:പ്രതിഷ്ഠക്കൊരുങ്ങുമ്പോൾ പഴയ ശ്രീകോവിലിൽ നടക്കുന്ന ഇപ്രാവശ്യത്തെ തുലാവാവുത്സവം ഏറെ പ്രാധാന്യമർഹിക്കുന്നു. നെന്മാറ പഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെട്ട ഇടക്കംപാടം,ചെന്ദക്കാലായ,കുമ്പളക്കോട് എന്നീ മൂന്നു ദേശക്കാരാണ് ഈ ക്ഷേത്രത്തിൻ്റെ നടത്തിപ്പുകാർ, എല്ലാ മലയാള മാസവും ഒന്നാം തിയ്യതി വിശേഷാൽ പൂജ നടക്കുന്ന ഈ ക്ഷേത്രത്തിലെ പൂജാരിമാർ കൊല്ലങ്കോട് പയ്യലൂർ കൃഷ്ണയ്യരും, മകൻ ശ്രീരാം സ്വാമിയുമാണ്. 4-11-2021ന് കാലത്ത് 5മണിക്ക് ഗണപതിഹോമത്തോടെ ആരംഭിച്ച പൂജാദി കർമ്മങ്ങളെത്തുടർന്ന് നെയ്യ്,പാൽ, പഞ്ചാമൃതം,തേൻ,ഭസ്മം,ചന്ദനം, ഇളനീർ തുടങ്ങിയ അഭിഷേകങ്ങളും നടക്കുകയുണ്ടായി. മരം കൊണ്ടുണ്ടാക്കിയ കൈ, കാലുകളും, ആൾരൂപം തുടങ്ങിയവയും വാവുത്സവത്തിലെ പ്രധാന വഴിപാടാണ്. കർഷകർ വിളയിച്ചെടുത്ത പച്ചക്കറികൾ ഭഗവാൻ്റെ തിരുമുമ്പിൽ ചെമ്പിൽ നിക്ഷേപിക്കുന്നതും മലമുകളിലെ ഈ ക്ഷേത്രത്തിലെ ഒരു വഴിപാടാണ്. വൈകിട്ട് നാലിന് ക്ഷേത്രം ശിൽപി പെരുമ്പാവൂർ എഴിപ്രംകരയിൽ മനോജ് പി. തങ്കപ്പൻ്റെ സാന്നിദ്ധ്യത്തിൽ ബ്രഹ്മശ്രീ. മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി ആധ്യാത്മിക പ്രഭാഷണം നടത്തും. അയ്യപ്പൻ, മഹാവിഷ്ണു, ഗണപതി, പരാശക്തി, മുരുകൻ, നാഗരാജാവ് തുടങ്ങിയ പ്രതിഷ്ഠകളാണ് ഈ ക്ഷേത്രത്തിലുള്ളത്. നെന്മാറ – കൊല്ലങ്കോട് റൂട്ടിൽ കുമ്പളക്കോട് ബസ്സിറങ്ങി. ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ഈ ക്ഷേത്രത്തിലെത്താം. വൈകുന്നേരം ഏഴുമണിയോടെ ദീപാരാധനയ്ക്ക് ശേഷം തുലാവാവുത്സവത്തിന് സമാപനം കുറിക്കും.