അഗളി: അട്ടപ്പാടിയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്തുകളിൽ വൻ നാശനഷ്ടം. വാഴ, പച്ചക്കറി വിളകളെ മഴ സാരമായി ബാധിച്ചിട്ടുണ്ട്. ശിരുവാണി പുഴയിൽ ശക്തമായ ഒഴുക്ക് ദിവസങ്ങളായി തുടരുകയാണ്. വൃഷ്ടി പ്രദേശത്ത് പെയ്യുന്ന മഴയിൽ മണ്ണ് കുത്തിയൊലിച്ചാണ് ഒഴുകുന്നത്.
പല ഊരുകളും ശുദ്ധജലപ്രശ്നം നേരിടുന്നുണ്ട്. താവളത്തു നിന്നും തിരിഞ്ഞ് പുതൂർ വഴി പോകുന്ന മുള്ളി റോഡിൽ മെറ്റലിംഗും കവർട്ടുകളും നിർമ്മാണം നടന്നുവരികയാണ്. തിങ്കളാഴ്ച രാത്രിയിൽ ആരംഭിച്ച് നീണ്ടു നിന്ന മഴയിലാണ് ഈ റോഡുകൾ പല ഭാഗങ്ങളിലായി തകർന്നത്.
ചാളയൂരിൽ താത്കാലികമായി നിർമ്മിച്ച പാലം മല വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ചാവാടിയൂർ മുള്ളി റോഡിൽ ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു. നിർമ്മാണം നടക്കുന്ന താവളം മുള്ളി റോഡിൽ താത്കാലികമായി നിർമ്മിച്ചിരുന്ന ചാളയൂരിലെ പാലമാണ് രാത്രിയിൽ വെള്ളം കുത്തിയൊഴുകി ഒലിച്ച് പോയത്.