വാളയാർ ∙ സിപിഎം പുതുശ്ശേരി ഏരിയ കമ്മിറ്റിക്കു കീഴിലെ വാളയാർ ലോക്കൽ സമ്മേളനത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്. സ്ത്രീകൾ ഉൾപ്പെടെ 10 പേർക്കു പരുക്കേറ്റു. സമ്മേളന നഗരിയിലെ കസേരകളും മേശകളും തല്ലിത്തകർത്തു. ഉദ്ഘാടനത്തിനു തൊട്ടു മുൻപ് ഒരു വിഭാഗം മുദ്രാവാക്യം മുഴക്കി വേദിക്കു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ലോക്കൽ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണു സംഘർഷത്തിലെത്തിയത്. കമ്മിറ്റി പിടിച്ചെടുക്കാൻ ഒരു വിഭാഗം മാനദണ്ഡം ലംഘിച്ചു വിഭജനം നടത്തിയെന്നാണ് ആരോപണം.
ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ 34 ബ്രാഞ്ച് കമ്മിറ്റികൾ വന്നതോടെ ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരം വാളയാർ ലോക്കൽ വിഭജിക്കാൻ തീരുമാനിച്ചിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ ചുള്ളിമട പേട്ടക്കാട് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ നിതിൻ കണിച്ചേരി, ഏരിയ സെക്രട്ടറി എസ്. സുഭാഷ് ചന്ദ്രബോസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്.ബി. രാജു, കെ. ഹരിദാസ്എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംഘർഷം. പലർക്കും കൈക്കും കാലിനും പരുക്കേറ്റെങ്കിലും ഗുരുതരമല്ല. പിന്നീട് ഇരുവിഭാഗത്തെയും സമ്മേളന ഹാളിനു പുറത്തേക്ക് അയച്ചു സമ്മേളനം നിർത്തിവയ്ക്കാൻ ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് നിർദേശം നൽകി. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഓഡിറ്റോറിയത്തിലേക്കു കയറിയില്ല.
പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുമില്ല. ഇനി ജില്ലാ കമ്മിറ്റി ഇടപെട്ട് സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ സാന്നിധ്യത്തിലാകും സമ്മേളനം.അതേസമയം, വൈകിട്ടോടെ ഔദ്യോഗിക പക്ഷം വട്ടപ്പാറയിൽ വച്ച് വാളയാർ ലോക്കൽ സമ്മേളനം നടത്തി. നിലവിലെ ലോക്കൽ സെക്രട്ടറിയായ വി.സി. ഉദയകുമാർ വീണ്ടും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 13 അംഗ കമ്മിറ്റിയും നിലവിൽ വന്നു. സിപിഎം പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. മലബാർ സിമന്റ്സിനായി പണ്ടാരത്തുമലയിൽ ഖനനാനുമതി നൽകണമെന്നും സർക്കാർ ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കമ്മിറ്റി വിഭജനത്തിനു ശേഷം നടത്തുന്ന ആദ്യ ലോക്കൽ സമ്മേളനമാണു വാളയാറിലേതെന്നും ചുള്ളിമട ലോക്കൽ സമ്മേളനം പിന്നീട് നടത്തുമെന്നും നേതാക്കൾ അറിയിച്ചു.