മൗന ഭൂമികയിലൂടെ എണ്ണി തിട്ടപ്പെടുത്താത്ത കാതങ്ങൾസഞ്ചരിച്ചൊടുവിൽ നിറയെ
പൊട്ടി ചിരികളുതിരുന്ന കുഞ്ഞു മനുഷ്യരുടെ ആനന്ദദ്വീപിൽ ഞാനെത്തിയിരിക്കുന്നു…
ചുറ്റിനും ചിരിച്ച മുഖങ്ങൾ മാത്രമാണല്ലോ
എന്നെ വരവേൽക്കുന്നതും ദേഷ്യവും
വെറുപ്പും പകയും വഴക്കുമില്ലാത്തൊരിടം….
ആഹാ
എത്ര മനോഹരമായാണ് വസുധ
അവിടെ ചിത്രങ്ങൾ വരച്ചിട്ടിരിക്കുന്നത് ……
പച്ച മലകൾ ,ശിഞ്ജിതം പൊഴിക്കുന്ന
കാട്ടാറുകൾ നീലാകാശത്തെ തൊടുന്ന
മരക്കൂട്ടങ്ങൾ മഞ്ഞ പൂക്കൾ പൂത്തു
നിൽക്കുന്ന പാതയോരങ്ങൾ
എള്ളു പൂത്ത പാടങ്ങൾ
ഇല പടർപ്പുകൾക്കിടയിലെ
നീല ജലാശയങ്ങൾ …….
ആമ്പൽ പൊയ്കയിൽ നിന്നു
പറന്നുയരുന്ന വെള്ള കൊറ്റികൾ ….
താമരകുളത്തിൽ നിന്നും വലിയ ചൂരൽ കൊട്ടയിലേക്ക് പ്പൂക്കൾ പറിച്ചിടുന്ന തരുണീമണികൾ …..
കുറേ ചെറിയ വീടുകൾക്കു നടുവിലായി
പന്തലിച്ചു നിൽക്കുന്ന മരങ്ങൾ അതിനു
ചുവടെകയർ കട്ടിലുകളിൽ ഇരിക്കുന്ന
കുഞ്ഞു മനുഷ്യർ ചിലർ തുന്നുന്നു ചിലർ എഴുതുന്നു ചിലർ പുസ്തകങ്ങൾ വായിച്ചു കേൾപ്പിക്കുന്നു അങ്ങിനെ പല പല
ജോലികളിൽ ഏർപെട്ടിരിക്കുന്ന ഒരു കൂട്ടം
ആളുകളുടെ വിസ്മയഭരിതമാക്കുന്ന
സൗഹൃദ നിമിഷങ്ങളുടെ സായന്തന
കാഴ്ച്ചകൾ!
ഞാനെത്തി ചേർന്നത് സ്വർഗത്തിലാണന്നു
തോന്നിക്കുന്ന രീതിയിൽ പതിഞ്ഞ സ്വരമാധുരിയിൽ അലൗകികമായ
സംഗീതം ഒഴുകി വരുന്നു …
മനസു ശാന്തമാകുന്നു…
ഒരു നിമിഷം
അതിൽ ലയിച്ച് സ്വയമില്ലാതായ പോലെ……
അവിടെ പുകച്ചുരുളുകളാൽ മലിനമാക്കാൻ വാഹനങ്ങളില്ല ചീഞ്ഞു നാറുന്ന മാലിന്യ കൂമ്പാരങ്ങളില്ല അലക്ഷ്യമായി വലിച്ചെറിഞ്ഞ ആവിശ്യമില്ലാത്ത പ്ലാസ്റ്റിക് വസ്തുക്കളില്ല എന്തത്ഭുതം ആരുടെ കയ്യിലും ഒരു മൊബെൽ ഫോൺ പോലും കാണാൻ കഴിഞ്ഞില്ല…..
അവിടെ കണ്ട കുഞ്ഞു മനുഷ്യരുടെ
ചലനങ്ങൾ പോലും താളാത്മകമായിരുന്നു
ഒരു കൗതുകത്തിന് ഞാനവരുടെ നീളമളക്കാൻ ശ്രമിച്ചു കൂടി പോയാൽ മൂന്നടിയുണ്ടാകും
പക്ഷേ കുറിയ മനുഷ്യരുടെ ഒരഭംഗിയും ആർക്കുമില്ലായിരുന്നു ..
പൂ പോലെ വിടർന്ന മുഖങ്ങളിൽ നിന്നും വരുന്ന
പ്രകാശകിരണങ്ങൾ എൻ്റെ മനസിൽ തുളച്ചു കയറിയെന്നിൽ അവസാനമില്ലാത്ത ആനന്ദം നിറച്ചു….
പണ്ടന്നെ മൂടിയ നൊമ്പരമേഘങ്ങൾ
പെയ്തു തോർന്ന പോലെ……
ആ മഴ ചുംബനങ്ങളിൽ
നോവുകളലിഞ്ഞു ഇല്ലാതായ പോലെ …..
മൗനത്തിൻ്റെ കാഠിന്യമേറിയ
മഞ്ഞു മലകളെ വെയിൽ കോടാലിയാൽ വെട്ടിക്കീറി തുണ്ടം തുണ്ടമാക്കിയെറിഞ്ഞു കളഞ്ഞപോലെ ……
അവിടെ ചിത്ര പതംഗങ്ങളെ പോലെ പാറി കളിക്കുന്ന കുട്ടികളടക്കമെല്ലാവരും പൂക്കളുടെ ചിത്രങ്ങളുള്ള വസ്ത്രമാണ് അണിഞ്ഞിരുന്നത് ഒരു നിറവസന്തം മിഴി തുറന്ന പോലെ….
ഓർമ്മകളുടെ പല പാളികളും മഞ്ഞുമൂടപെട്ടതിനാൽ എങ്ങിനെയാണിവിടെ
എത്തി പെട്ടതെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസിലായതുമില്ല !
ഏതോ കനൽ ചൂടിലൂടെ മുറിവേറ്റ മനസും പാദങ്ങളുമായി ഞാൻ വേച്ചു വേച്ചു നടന്നതും എന്തോ പറയാനാഞ്ഞപ്പോൾ വാക്കുകൾ തൊണ്ടയിൽ തന്നെ തടഞ്ഞതും അദമ്യമായ ദാഹത്താൽ അവിടെ കണ്ട പുഴയിൽ നിന്നും കുറച്ച് വെള്ളം കൈകുമ്പിളിൽ കോരി കുടിച്ചതും ഒരു മങ്ങിയ ഓർമ്മയുണ്ട്…….
അതോ അതും തോന്നലാണോന്നറിയില്ല
സ്ഥലമെത്തി നമ്മൾക്കിറങ്ങാമെന്ന
മനുവിൻ്റെ സ്നേഹപൂർണമായ വിളിയിൽ
ഞാൻ കണ്ണുകൾ ചിമ്മി തുറന്നു ഞെട്ടിയെഴുന്നേറ്റു
അപ്പോഴാണു മനസിലായത് ഞങ്ങൾ ഋഷികേശിലേക്കുള്ള യാത്രയിലായിരുന്നു
മനുവിൻ്റെ മടിയിൽ തല ചായ്ച്ചുറങ്ങിയ ഞാൻ
കണ്ടതു മുഴുവൻ സുന്ദരമായ കിനാവായിരുന്നു…..
ഒരിക്കലും അവസാനിക്കരുതെന്നാഗ്രഹിക്കുന്ന ഹൃദയം കീഴടക്കിയ കിനാവ് ….
സിന്ദു കൃഷ്ണ