അരങ്ങൊഴിഞ്ഞുവെങ്കിലും മനസ്സിൽനിന്നും മായുകില്ല ആ ദീപപ്രഭ.
(രാമദാസ് ജി. കൂടല്ലൂർ.)
പല്ലശ്ശന:- ദ്വാരകാകൃഷ്ണൻ (79വയസ്സ്.) ഓർമ്മയായി . വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 28-09-2021ന് രാത്രി ഒമ്പതരയോടെ നെന്മാറ അവിറ്റിസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പല്ലശ്ശന കൊങ്ങശ്ശേരി വീട്ടിൽ കുഞ്ഞമ്മാളു അമ്മയുടെയും പത്മനാഭൻ നായരുടെയും മകനായി 1942ൽ ജനിച്ച ദ്വാരകാ കൃഷ്ണൻ ഓർമ്മവെച്ച നാൾ മുതൽ ദേശത്തെ കണ്യാർകളി പരിശീലനം കണ്ടുകൊണ്ടാണ് വളർന്നത് .പന്ത്രണ്ടാം വയസിൽ കളിയാശാൻ മoത്തിൽ ശിവശങ്കരൻ നായരുടെ അനുഗ്രഹം വാങ്ങി അച്ഛൻ പത്മനാഭൻ നായരുടെ കൈ പിടിച്ച് ദേശത്തെ കണ്യാർകളിക്ക് പന്തലിൽ കയറി അരങ്ങേറ്റം കുറിച്ചു . ശിവശങ്കരൻ നായരുടെ ശിക്ഷണത്തിൽ കണ്യാർകളി പാട്ടിലും കുറത്തി പുറാട്ടിലും ശ്രദ്ധേയനായി.കേരള സംഗീത നാടക അക്കാദമി അവാർഡ്,ഫോൾക്കൂലോർ അക്കാദമി അവാർഡ്, മേളം ദുബായ് പ്രഥമ അവാർഡ് തുടങ്ങിയവ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. മകരക്കൊയ്ത്ത് കഴിഞ്ഞതിനുശേഷം ചിറ്റൂർ, ആലത്തൂർ താലൂക്കുകളിലെ ദേശങ്ങളിലെ പ്രധാന കാർഷിക ഉത്സവമായ കണ്യാർകളി പന്തലുകളിലെ നിറസാന്നിദ്ധ്യമായിരുന്നു ഈ കണ്ണ്യാർകളിയാശാൻ. മൂന്നു പതിറ്റാണ്ടിലേറെ പല്ലശ്ശന ദേശത്തെകളിയിൽ കുറത്തി പുറാട്ട് ദ്വാരകാ കൃഷ്ണന്റെ കയ്യിൽ ഭദ്രമായിരുന്നു . ഗുരു ശിവശങ്കരൻ നായരോടൊപ്പം വിവിധ ദേശങ്ങളിൽ കളി പരിശീലിപ്പിക്കാൻ സഹായിയായി പോയി .ഏപ്രിൽ മെയ് മാസങ്ങളിൽ വിവിധ ദേശങ്ങളിൽ രാത്രി നടക്കുന്ന കണ്യാർകളി അരങ്ങേറുന്ന 11 കോൽ ചുറ്റളവും ഒമ്പത് കാലും, കുത്തുവിളക്കുമുള്ള കളി പന്തലിൽ ഇലത്താളം പിടിച്ച് ദ്വാരകാ കൃഷ്ണന്റെ സംഗീതാത്മകമായ ആലാപനം ആസ്വാദകരെ ആകർഷിച്ചു. ചുവടൊപിച്ച് ചിട്ടയായി കളിക്കുന്നവർക്കും, കാണികൾക്കും ആശാന്റെ താളാത്മകമായ ശബ്ദ സൗകുമാര്യവും, നർത്തനകലയുടെ സൗന്ദര്യവും ആവോളം ആസ്വദിക്കാൻ കഴിഞ്ഞു. മoത്തിൽ ശിവശങ്കരൻ നായർ 1982ൽ മരിച്ചതിനെ തുടർന്ന് പല്ലശ്ശനയുൾപ്പടെ 15 ൽ കൂടുതൽ ദേശങ്ങളുടെ കളിയാശാനായി .ഏപ്രിൽ ,മെയ് മാസങ്ങളിലെ രാവുകൾ കണ്യാർകളി പരിശീലനവും കളിയും മാത്രമായിരിക്കും . ദേശങ്ങളിൽ നിന്ന് ദേശങ്ങളിലേക്ക് ഓടി എത്തി കാർഷിക ഗ്രാമങ്ങളിലെ ഉത്തരായന രാവുകൾ സംഗീതാത്മകമാക്കിയ ആശാൻ .തൃശൂർ ആകാശവാണി നിലയത്തിൽ രണ്ടു പതിറ്റാണ്ടുകാലം കണ്യാർകളി പാട്ട് അവതരിപ്പച്ചു .കണ്യാർകളി പരിപോഷിപ്പിക്കുന്നതിന് കേളി എന്ന പേരിൽ കൂട്ടായ്മ രൂപീകരിക്കാൻ നേതൃത്വം നൽകി . കേളിയുടെ നേതൃത്വത്തിൽ ഇന്ത്യക്കകത്തും പുറത്തും നിരവധി സാംസ്കാരിക പരിപാടികളിൽ കണ്യാർകളി അവതരിപ്പിച്ച് കളിയെ ജനകീയമാക്കി . സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ദ്വാരകാ കൃഷ്ണനെ തേടിയെത്തി .പ്രായം തളർത്തിയ ഈ അതുല്യകലാകാരൻ അഞ്ചു കൊല്ലമായി കളിയരങ്ങിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നുവെങ്കിലും .കണ്യാർകളിയിൽ ഇദ്ദേഹത്തിന്റെ സ്പഷ്ടമായ സ്വരമാധുരിയും, ചേങ്ങിലത്താളവും എന്നും ഏവർക്കും മറക്കാനാവാത്ത ഓർമ്മകളാണ് സമ്മാനിച്ചത്. കളി പദം ചുണ്ടിൽ ഉരുവിട്ട് കണ്യാർകളിക്കായി ജിവിതം സമർപ്പിച്ച ദ്വാരകാ കൃഷ്ണൻ കണ്യാർകളിയരങ്ങത്ത് പകരം വെക്കാനില്ലാത്ത ഏക കലാകാരനാണ്.
ഭാര്യ. സരോജ.
മക്കൾ. പത്മനാഭൻ ,വാസുദേവൻ , ദീപ , അന്നപൂർണ്ണേശ്വരി, മീനാംബിക , ശ്രീകല.
മരുമക്കൾ.
അംബിക,രവി, ചന്ദ്രപ്രകാശ്, രതീഷ്, പ്രമോദ്.
സഹോദരങ്ങൾ. നാരായണമൂർത്തി, രാജരാജേശ്വരി, വേണുഗോപാൽ, പത്മിനി, ഭുവനേശ്വരി, ദാമോദരൻ, പുഷ്കല.
പരേതൻ്റെ ശവസംസ്കാരം 29-09-2021ന് ഉച്ചയ്ക്ക് 2 മണിക്ക് എലവഞ്ചേരി തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ വെച്ച്.