പൊതുമരാമത്ത് വകുപ്പ് പിഴുതു മാറ്റിയ ‘അത്താണി’ ( ചുമട് താങ്ങി ) പുനസ്ഥാപിച്ചു.
രാമദാസ് ജി. കൂടല്ലൂർ.
കൊടുവായൂർ-നെന്മാറ മെയിൻറോഡ് നവീകരണത്തിന്റെ ഭാഗമായി പല്ലാവൂർ ജംഗ്ഷനിലെ അത്താണിയാണ് പിഴുതു മാറ്റിയത്.
പാലക്കാടിന്റെ ചരിത്രവും പൈതൃകവും ഓർമ്മപ്പെടുത്തുന്ന ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളെ മനപൂർവ്വമല്ലാതെ മായ്ച്ചുകളായാനുള്ള ശ്രമം പ്രതിരോധിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കി പാൽഘാട്ട് ഹിസ്റ്ററി ക്ലബ്ബും, സാമൂഹ്യ പ്രവർത്തകനായ ബോബൻ മാട്ടുമന്തയും പരാതി നല്കിയിരുന്നു.
മുൻ കാലങ്ങളിൽ റോഡ് വികസനത്തിന്റെ ഭാഗമായി നിരവധി അത്താണികൾ പിഴുതു മാറ്റിയിട്ടുണ്ടെങ്കിലും, മേളപ്പെരുമയാൽ പുകഴ്പെറ്റ പല്ലാവൂരിലെ, കിഴക്കേത്തറ ജംങ്ഷനിൽ അത്താണി എന്നറിയപ്പെടുന്ന ചുമടുതാങ്ങി പിഴുതുമാറ്റപ്പെട്ടത് പ്രതിഷേധത്തിന് വഴിവച്ചതിനെത്തുടർന്ന് പുനഃസ്ഥാപിക്കുകയായിരുന്നു. പ്രസ്തുത പ്രവർത്തനത്തിന് വാർഡ് മെമ്പർ മനുപല്ലാവൂരിൻ്റെ നേതൃത്വത്തിൽ പൊതുപ്രവർത്തകരും, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു. മുൻകാലങ്ങളിൽ സ്മരണകൾക്കായും, ആഗ്രഹസാഫല്യത്തിൻ്റെപേരിലും നിർമ്മിക്കപ്പെട്ട അത്താണികൾ ചുമടെടുത്ത് അവശരായി വരുന്ന കാൽനട യാത്രികർക്ക് എന്നും ഒരു സാന്ത്വനമായിരുന്നുവെന്ന് മനുപല്ലാവൂർ അഭിപ്രായപ്പെട്ടു.