വാളയാർ
ഒരു ഡോസ് വാക്‌സിൻമാത്രം എടുത്ത 22 വിദ്യാർഥികളെ വാളയാര്‍ അതിര്‍ത്തിയില്‍ നിന്ന് തമിഴാനാട് പൊലീസ് തിരിച്ചയച്ചു. ആവശ്യമായ രേഖകളില്ലാത്തതിനാല്‍ 130 യാത്രക്കാരെയും ബുധനാഴ്ച അതിർത്തിയിൽനിന്ന് തമിഴ്നാട് അധികൃതര്‍ തിരിച്ചയച്ചു.
ഒരു വാക്‌സിൻമാത്രം സ്വീകരിച്ച വിദ്യാർഥികൾക്ക് കോളേജുകളിൽ പ്രവേശിക്കാമെന്ന് തമിഴ്നാട്ടിലെ വിവിധ കോളേജുകൾ അറിയിച്ചിരുന്നു. ഇത്തരത്തിൽ വരുന്ന വിദ്യാർഥികൾ ഒരാഴ്ച നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണമെന്ന് കോയമ്പത്തൂർ കോർപറേഷൻ അധികൃതര്‍ ഉത്തരവിട്ടു. പല കോളേജുകളിലും നിരീക്ഷണസൗകര്യമൊരുക്കുന്നതിൽ പ്രയാസമുണ്ടായി. നിരീക്ഷണത്തിൽ കഴിയണമെന്ന വ്യവസ്ഥ പാലിക്കാത്തതിനെത്തുടർന്നാണ് വിദ്യാർഥികളെ തിരിച്ചയച്ചതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പും പൊലീസും അറിയിച്ചു.
തമിഴ്‌നാട്ടിലേക്ക് കടക്കാൻ രണ്ട് വാക്‌സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഒരു വാക്‌സിൻ എടുത്ത വിദ്യാർഥികൾക്ക് കോളേജ് അധികൃതർ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഒരുക്കിയ രേഖ കാണിച്ചാൽ തമിഴ്‌നാട്ടിലേക്ക് കടക്കാം.
കേരളത്തിലെ കോവിഡ്‌വ്യാപനതോത് കുറഞ്ഞിട്ടും മറ്റ് സംസ്ഥാനങ്ങളിൽ ഇളവ് പ്രാബല്യത്തിൽ വന്നിട്ടും തമിഴ്‌നാടിന്റെ നിയന്ത്രണത്തിൽ ആയിരക്കണക്കിന് യാത്രക്കാർ വലയുകയാണ്.