ബന്ദിൽ എല്ലാ വിഭാഗം ജനങ്ങളും അണിചേരും.
പാലക്കാട്
കേന്ദ്രസർക്കാരിന്റ ജനവിരുദ്ധ നയങ്ങൾക്കെതിരെ 27ന് നടത്തുന്ന ഭാരത് ബന്ദിൽ എല്ലാ വിഭാഗം ജനങ്ങളും അണിചേരും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരന്റെ ജീവിതത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്നു. അതുകൊണ്ട് വാഹനങ്ങൾ നിരത്തിലിറക്കാതെ ബന്ദുമായി സഹകരിക്കുമെന്നാണ് ജനങ്ങളുടെ തീരുമാനം.
പെട്രോൾവില നിർണയ അധികാരം യുപിഎ സർക്കാരാണ് രാജ്യത്തെ കുത്തകകൾക്ക് കൈമാറിയത്. പിന്നീട്‌വന്ന മോദി സർക്കാർ ഡീസൽവില നിർണയ അധികാരവും കുത്തകകൾക്ക് കൈമാറി. പാചകവാതക സബ്‌സിഡി നിർത്തലാക്കിയും വില അടിക്കടി വർധിപ്പിച്ചും സാധാരണക്കാരന്റെ പോക്കറ്റിൽ കൈയിട്ടുവാരി. വാഹനത്തിൽ പെട്രോൾ നിറയ്‌ക്കാൻ ശേഷിയില്ലാതെ പലരും സ്വന്തം വാഹനങ്ങൾ ഉപേക്ഷിച്ച് മറ്റ് മാർഗം തേടി. കോവിഡ്കാലത്ത് പല സ്വകാര്യബസുകളും കട്ടപ്പുറത്തായത് ദിവസവും ഉയരുന്ന ഇന്ധനവില കാരണമാണ്. യാത്ര ചെയ്യാൻ ആളില്ലാതെ നഷ്ടത്തിലോടുന്ന വാഹന ഉടമകൾക്ക് ഇത്രയും തുക കൊടുത്ത് ഇന്ധനം നിറയ്‌ക്കാൻ കഴിയില്ല.
ഓരോ ദിവസവും പുലരുമ്പോൾ ഇന്ധനവില ഉയർന്നതിന്റെ വാർത്ത കേട്ടാണ് ഓരോ ഇന്ത്യക്കാരനും ഉണരുന്നത്. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ സമരത്തിൽ ജനങ്ങൾ കൈകോർക്കും.
ജീവിക്കാൻ കഴിയുന്നില്ല
ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് മുന്നോട്ട്പോകുന്നത്. അടിക്കടി ഇന്ധനവില ഉയരുന്നത് തൊഴിലെടുത്ത് ജീവിക്കുന്നവരുടെ കുടുംബത്തെ അർധപട്ടിണിക്കാരാക്കി മാറ്റി. കഴിഞ്ഞ 35 വർഷമായി ടാക്‌സി ഡ്രൈവറാണ്. കോവിഡ് കാലമായതിനാൽ വാഹനത്തിന് ഓട്ടം കുറവാണ്. എണ്ണ നിറച്ചാൽ കൈയിൽ ചെലവിനുള്ള പണംപോലും ബാക്കിയുണ്ടാവില്ല. ഒരു ദയയുമില്ലാതെയാണ് ഇന്ധനവില കൂട്ടുന്നത്. ഇതിനെതിരെ വൻ പ്രതിഷേധം ഉയരണം.