പാലക്കാട്
വിവിധ കേസുകളിൽ പിടിക്കപ്പെടുന്ന പ്രതികളുടെ “ഡാറ്റാബേസ്’ സംവിധാനമൊരുക്കാന്‍ എക്‍സൈസ് വകുപ്പ്. ഡാറ്റാബേസ് ഒരുങ്ങുമ്പോള്‍ എക്‌സൈസ് കേസുകളിലെ പ്രതികളുടെ ചിത്രങ്ങളും അവർ ഉൾപ്പെട്ട കേസുകളും അന്വേഷണ ഉദ്യോഗസ്ഥന്റെ കംപ്യൂട്ടറിൽ ലഭ്യമാകും. ഇതിൽ എൻഡിപിഎസ്, അബ്കാരി കേസുകൾ വേർതിരിച്ചറിയാനും സാധിക്കും.
സംസ്ഥാനത്ത് കഞ്ചാവ്, മദ്യം, രാസലഹരിക്കടത്ത് എന്നിവ വർധിച്ച സാഹചര്യത്തിലാണ് എക്‍സൈസ് വകുപ്പ് പുതിയ സംവിധാനം ഒരുക്കുന്നത്. ഡാറ്റാബേസ് ശേഖരണ നടപടി തുടങ്ങിയിട്ടുണ്ട്.
കേസുകളിൽ പിടിക്കപ്പെടുന്ന പ്രതികൾക്ക് മറ്റ് സ്റ്റേഷനുകളിൽ കേസുണ്ടോ ഇയാൾ സ്ഥിരംകുറ്റവാളിയാണോ എന്നറിയാന്‍ കാലതാമസമുണ്ട്. ഇത് ഡാറ്റാബേസ് തയ്യാറാകുന്നതോടെ പരിഹരിക്കപ്പെടും.
നിലവിൽ പിടിക്കപ്പെടുന്ന പ്രതികൾ മുമ്പ് കേസുകളിൽ പ്രതിയായിരുന്നോ എന്ന് കണ്ടെത്താൻ അവരുടെ മൊഴിതന്നെയാണ് ഏക ആശ്രയം. ഇതുകാരണം എക്‌സൈസ് കേസുകളിലെ പ്രതികളുടെ വിവരം മറ്റ് ഏജൻസികൾക്ക് കൈമാറാനും ഇപ്പോള്‍ താമസമുണ്ട്.
കേസുകൾ രജിസ്റ്റർ ചെയ്യാൻ എക്‌സൈസ് ക്രൈംസ് അണ്ടർ റിഗറസ് ബീറ്റ്(ഇസിയുആർബി) എന്ന സോഫ്‌റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് പൂർണസജ്ജമല്ല.
എന്നാൽ, ഡാറ്റാബേസ് ഒരുങ്ങുമ്പോള്‍ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ പ്രതികളുടെ പേര്, മേൽവിലാസം, വിവിധ വശങ്ങളിൽനിന്നെടുത്ത ഫോട്ടോ, വിരലടയാളം, കേസിന്റെ കുറിപ്പ് എന്നിവ ശേഖരിക്കും. കേസുകളിൽ അതിവേഗം നടപടിയെടുക്കാൻ പുതിയ സംവിധാനത്തോടെ കഴിയും.