മലമ്പുഴയിൽ വീടിന്റെ പൂട്ടുപൊളിച്ച് മോഷണം
മലമ്പുഴ: ആളില്ലാത്ത സമയത്ത് മലമ്പുഴയിൽ വീടിന്റെ വാതിൽപ്പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ച 10 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. കടുക്കാംകുന്നം കളരിക്കൽവീട്ടിൽ ഗണേശന്റെ വീട്ടിലാണ് മോഷണംനടന്നത്.
ജമ്മു കശ്മീരിൽ കരസേനാ ഉദ്യോഗസ്ഥനാണ് ഗണേശൻ. കുടുംബസമേതം ജമ്മുവിലാണ്. ഇദ്ദേഹത്തിന്‍റെ സഹോദരൻ പ്രസാദും ഭാര്യ സുജിത്രയുമാണ് കടുക്കാംകുന്നത്തെ വീട്ടിൽ താമസം. വ്യാഴാഴ്ച ഇരുവരും സുജിത്രയുടെ പിരായിരിയിലെ വീട്ടിൽപ്പോയിരുന്നു. ശനിയാഴ്ച തിരികെ എത്തിയപ്പോഴാണ് മോഷണംനടന്ന വിവരം അറിയുന്നത്.
അലമാരയുടെ പൂട്ടും തകർത്തിട്ടുണ്ട്. ഉള്ളിലെ വസ്ത്രങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്. മുന്നിലെ ചെറിയമതിൽ ചാടിക്കടന്നാവാം മോഷ്ടാവ് എത്തിയതെന്നാണ് നിഗമനം. മോഷണം നടന്ന വീടിനടുത്തായി മൈതാനവും വീടുകളുമുണ്ട്. എന്നാൽ, മോഷണം ആരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പാലക്കാട് ഡിവൈ.എസ്.പി. പി. ശശികുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്‌ധരും ഡോഗ് സ്കാഡും പരിശോധന നടത്തി. മണംപിടിച്ച നായ പിൻവശത്തെ മതിലിനുസമീപമെത്തി നിന്നതായും പോലീസ് പറഞ്ഞു. മോഷ്ടാവ് ഈ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടിട്ടുണ്ടാവാമെന്നാണ് നിഗമനം. സംഭവത്തിൽ മലമ്പുഴപോലീസ് കേസെടുത്തു.