പാലക്കാട്. കടമ്പഴിപ്പുറംമുക്കുപണ്ടം പണയംവയ്ക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ എളമ്പുലാശ്ശേരി പുനത്തിൽ വാക്കട ഹമീദ് (52) കടമ്പഴിപ്പുറം സർവീസ് സഹകരണ ബാങ്കിലും തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. ഇവിടെനിന്ന് ഈ മാസം 12നാണ് മുക്കുപണ്ടം പണയംവച്ച് 1.5 ലക്ഷം രൂപ തട്ടിയെടുത്തത്. അഞ്ചേകാൽ പവന്റെ മാലയാണു പണയപ്പെടുത്തിയത്. ഇത് ഇന്നലത്തെ വിശദ പരിശോധനയിൽ സ്വർണം അല്ലെന്നു തെളിഞ്ഞു. അതേസമയം ഇതിനു മുൻപ് ഹമീദ് ഇതേ ബാങ്കിൽ വള പണയംവച്ച് വായ്പ എടുത്തിട്ടുണ്ട്.
അതു പരിശോധനയിൽ യഥാർഥ സ്വർണം ആണെന്നു തെളിഞ്ഞിട്ടുണ്ട്. തിരിച്ചടവിനായി ബാങ്കിലെ നിത്യ നിക്ഷേപ സ്കീമിൽ ചേരുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച മൾട്ടിപർപസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പത്രവാർത്തയെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് ബാങ്ക് പ്രസിഡന്റ് കെ.രാമചന്ദ്രൻ പറഞ്ഞു. ഇതു സംബന്ധിച്ച് ശ്രീകൃഷ്ണപുരം പൊലീസ് 2 കേസുകൾ എടുത്തിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.










