കാഞ്ഞിരപ്പുഴ :ഇരുമ്പകച്ചോല കൊലക്കേസിലെ പ്രതിക്കു 13 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി സ്വദേശി പൊന്നിയംകുർശ്ശി ഖാലിദ് (34) കൊല്ലപ്പെട്ട കേസിലെ പ്രതി ഇരുമ്പകച്ചോല ചോലയിൽ വീട്ടിൽ ഹംസയ്ക്കാണു (51) മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. മീൻ പിടക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്.
2011 ഒക്ടോബർ 16നാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞിരപ്പുഴയിലെ ചോലയിൽ മീൻ പിടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ ഇരുമ്പകച്ചോലയിലെ രാധാകൃഷ്ണന്റെ കടയിലെ കത്തിയെടുത്തു ഹംസ ഖാലിദിനെ കുത്തിയെന്നാണു കേസ്. തടയാൻ ശ്രമിച്ച പൊറ്റശ്ശേരി വാണിയംപാറ പള്ളത്തു വീട്ടിൽ ബാലഗോപാലനും (കുട്ടൻ–48) പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ഖാലിദ് മരിച്ചു.
ഖാലിദ് കൊല്ലപ്പെട്ട കേസിൽ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് എട്ടു വർഷവും ബാലഗോപാലനെ കുത്തി പരുക്കേൽപിച്ച കേസിൽ അഞ്ചു വർഷവും രണ്ടു കേസുകളിലുമായി 50,000 രൂപ പിഴയുമാണു മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ സ്പെഷൽ കോടതി ജഡ്ജി കെ.എസ്. മധു വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടർ പി. ജയൻ ഹാജരായി. 34 സാക്ഷികളാണു കേസിൽ ഉണ്ടായിരുന്നത്. ഇതിൽ 13 പേരെ വിസ്തരിച്ചു.
പ്രധാന സാക്ഷിയായ കടയുടമ ഉൾപ്പെടെയുള്ള സാക്ഷികൾ കൂറു മാറിയെങ്കിലും സാഹചര്യത്തെളിവുകളും പരുക്കേറ്റ ബാലഗോപാലന്റെ മൊഴികളും നിർണായകമായി. പിഴത്തുകയിൽ നിന്ന് 50,000 രൂപ കൊല്ലപ്പെട്ട ഖാലിദിന്റെ ആശ്രിതർക്കും 25,000 രൂപ പരുക്കേറ്റ ബാലഗോപാലനും നൽകാൻ കോടതി വിധിച്ചു.