വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ ഓഗസ്റ്റ് ഒന്നിന് തുറക്കാൻ ലക്ഷ്യമിടുന്ന കുതിരാനിലെ ഇടതുതുരങ്കത്തിൽ വ്യാഴാഴ്ച പരീക്ഷണ ഓട്ടം നടത്തും.
ദേശീയപാതാ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരീക്ഷണ ഓട്ടത്തിൽ സുരക്ഷാ ക്രമീകരണമുൾപ്പെടെ തുരങ്കത്തിലെ മുഴുവൻ സംവിധാനങ്ങളും പരിശോധിക്കും. വ്യാഴാഴ്ച പൂർത്തിയായില്ലെങ്കിൽ വെള്ളിയാഴ്ചയും പരിശോധന തുടരും. ദേശീയപാതാ അതോറിറ്റിയുടെ സുരക്ഷാവിഭാഗവും അതോറിറ്റി നിയോഗിച്ചിട്ടുള്ള സ്വതന്ത്ര ഏജൻസികളും പരിശോധനയ്ക്കുണ്ടാകും. ചൊവ്വാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി കെ. രാജൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ബുധനാഴ്ച പരീക്ഷണ ഓട്ടം നടത്താൻ തീരുമാനിച്ചത്.
പരിശോധന പൂർത്തിയാക്കി ദേശീയപാതാ അതോറിറ്റി അനുമതി നൽകിയാൽ തുരങ്കം തുറക്കും. ആറുവരിപ്പാതയുടെയും തുരങ്കത്തിന്റെയും ചുമതലയുള്ള ദേശീയപാതാ അതോറിറ്റി പാലക്കാട് ഡിവിഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക.
ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയപാതാ അതോറിറ്റിയുടെ ഡൽഹിയിലെ മുഖ്യ ഓഫീസിൽനിന്നാണ് തുരങ്കം തുറക്കാനുള്ള അനുമതി നൽകുക.
ഗതാഗതം തുടങ്ങാൻ തുരങ്കം സജ്ജമാണെന്ന് നിർമാണക്കമ്പനിയായ കെ.എം.സി. അധികൃതർ അറിയിച്ചിട്ടുണ്ട്. അവസാന മിനുക്ക് പണികൾ മാത്രമാണ് ബാക്കിയുളളത്. അതേസമയം, കുതിരാനിൽ വേണ്ടത്ര സുരക്ഷാക്രീമകരണങ്ങൾ ഒരുക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തുരങ്കം നിർമിച്ച പ്രഗതി കമ്പനിയുടെ പ്രതിനിധി രംഗത്തെത്തിയിട്ടുള്ളത് ആശങ്കയുയർത്തുന്നുണ്ട്.