കുഴൽമന്ദം കോവിഡ് നിയന്ത്രണം പാലിക്കാതെ കാലിച്ചന്ത പ്രവർത്തിപ്പിച്ചതിന് കുഴൽമന്ദം പൊലീസ് കേസെടുത്തു.
പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും അനുമതിയില്ലാതെയും കോവിഡ് നിയന്ത്രണം പാലിക്കാതെയുമാണ് ബുധനാഴ്ച കാലിച്ചന്ത തുറന്നു പ്രവർത്തിപ്പിച്ചത്. ചിതലി വടക്കേവീട്ടുകളം എസ് വിജീഷി(35) നെതിരെയാണ് കേസെടുത്തത്. ശനിയാഴ്ചയാണ് സാധാരണ കുഴൽമന്ദം കാലിച്ചന്ത പ്രവർത്തിക്കാറുള്ളത്. എന്നാൽ ശനിയാഴ്ച സമ്പൂർണ ലോക്ഡൗൺ നിലനിൽക്കുന്നതിനാലാണ് ബുധനാഴ്ച ചന്ത പ്രവർത്തിപ്പിച്ചതെന്ന് നടത്തിപ്പുകാർ പൊലീസിനോട് പറഞ്ഞു. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് നൂറുകണക്കിന് കന്നുകാലികളെയാണ് ബുധനാഴ്ച ചന്തയിൽ കൊണ്ടുവന്നത്. കാലികളെ വാങ്ങാനും വിൽക്കാനുമായി നിരവധിപേർ ചന്തയിലെത്തി.