ഫ്രറ്റേണിറ്റി അവകാശ പ്രഖ്യാപന യാത്രക്ക് അട്ടപ്പാടിയിൽ ഉജ്വല സ്വീകരണം
പാലക്കാട്:ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ വിവേചനം അവസാനിപ്പിക്കുക,പ്ലസ് വൺ,ഉന്നത വിദ്യാഭ്യാസ മേഖലകളിലെ സീറ്റ് അപര്യാപ്തത പരിഹരിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ജൂലൈ 16,17,18 ദിവസങ്ങളിൽ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി സംഘടിപ്പിച്ച അവകാശ പ്രഖ്യാപന യാത്ര സമാപിച്ചു.ആദ്യ രണ്ട് ദിനം ഭരണകൂട വിവേചനം നേരിടുന്ന ജില്ലയിലെ കിഴക്കൻ മേഖലയിലൂടെ പര്യടനം നടത്തിയ യാത്രയുടെ ഭാഗമായി നേതാക്കൾ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് നിവേദനം നൽകി.സാമൂഹിക പ്രവർത്തകരെ സന്ദർശിക്കുകയും ചെയ്തു.
അട്ടപ്പാടിയിൽ നക്കുപ്പതി,അഗളി,കുലുക്കൂർ,ദാസന്നൂർ എന്നിവിടങ്ങളിലാണ് അവകാശ പ്രഖ്യാപന യാത്ര പര്യടനം നടത്തിയത്.അഗളി താഴെ ഊരിലെ പൊതു പഠനകേന്ദ്രത്തിൽ വൈദ്യുതിയില്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് വിക്ടേഴ്സ് ചാനൽ കാണാൻ സാധിക്കുന്നില്ലെന്നും കറണ്ട് കണക്ഷൻ ലഭ്യമാക്കിക്കൊടുക്കാൻ ഐ.ടി.ഡി.പി ഇടപെടണമെന്നും ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു.ഊരിലെ ഗോത്ര വർഗ വിദ്യാർത്ഥികളിൽ പലരുടെയും വീടുകളിൽ ഫോണോ,ടി.വിയോ,വൈദ്യുതിയോ പോലും ഇല്ലാത്തതിനാൽ പൊതു പഠന കേന്ദ്രത്തിലെ ടെലിവിഷൻ വർക്ക് ചെയ്യൽ അനിവാര്യമാണെന്ന് പൊതു പഠന കേന്ദ്രത്തിൽ നടക്കുന്ന ട്യൂഷന് നേതൃത്വം നൽകുന്ന ബിന്ദു,സുകന്യ തുടങ്ങിയ ടീച്ചർമാർ ചൂണ്ടിക്കാട്ടി.ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റിയംഗം ഗായത്രി അട്ടപ്പാടിയുടെയും ഊരുമൂപ്പന്റെയും നേതൃത്വത്തിൽ ഹാരമണിയിച്ചാണ് കുലുക്കൂർ ഊരുവാസികൾ ഫ്രറ്റേണിറ്റി നേതാക്കളെ വരവേറ്റത്.തമിഴ് മീഡിയം ഓൺലൈൻ ക്ലാസുകൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടില്ലാത്തതി നാൽ ഊരിലെ വിദ്യാർത്ഥികൾ പ്രയാസം നേരിടുന്നുണ്ടെന്നും ക്ലാസുകൾ ആരംഭിക്കാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.യാത്രക്ക് നൽകിയ സ്വീകരണ പരിപാടിയിൽ ഊരുമൂപ്പൻ,ഗായത്രി, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി സനൽകുമാർ,ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം,ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ, മണ്ണാർക്കാട് മണ്ഡലം സെക്രട്ടറി അസ്‌ലം അരിയൂർ,പുഷ്പ ടീച്ചർ,ജ്യോതിമണി എന്നിവർ സംസാരിച്ചു.ഊരിലെ വിദ്യാർത്ഥിനികൾ ഫ്രറ്റേണിറ്റി മെമ്പർഷിപ്പ് സ്വീകരിച്ച് സ്കൂൾ അംഗത്വ ക്യാമ്പയിന്റെ ജില്ലാതല ഉത്ഘാടനവും സ്വീകരണ പരിപാടിയോടാനുബന്ധിച്ചു നടന്നു.
കുറുമ്പർ വിഭാഗങ്ങൾ അധിവസിക്കുന്ന ഊരുകളിലടക്കം അട്ടപ്പാടിയിൽ പലയിടത്തും വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള ഒരുവിധ സജ്ജീകരണങ്ങൾ ഇല്ലെന്നും പിന്നോക്ക പ്രദേശങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അധികൃതരുടെ നിസംഗത അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു.
Photo:അട്ടപ്പാടി കുലുക്കൂർ ഊരുവാസികൾ ഫ്രറ്റേണിറ്റിയുടെ അവകാശ പ്രഖ്യാപന യാത്രക്ക് നൽകിയ സ്വീകരണത്തിൽ നിന്ന്.