അമ്പലപ്പാറയിൽ വാഴത്തോട്ടത്തിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവം സുഹൃത്തായ മഹേഷിനെ കണ്ടെത്തി. അത്യാസന്ന നിലയിൽ കണ്ടെത്തിയ മഹേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീടനാശിനിയായ ഫ്യൂരിഡാൻ കഴിച്ച് ഗുരുതരാവസ്ഥയിലാണ് പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
കൊല നടന്ന വാഴത്തോട്ടത്തിലെ പരിസരത്തു നിന്നു തന്നെയാണ് അബോധാവസ്ഥയിലായിരുന്ന മഹേഷിനെ കണ്ടെത്തിയത്. പ്രദേശവാസി ഫക്രുദ്ദീൻ ആണ് ഇന്നലെ രാത്രി 10 മണിയോടുകൂടി വാഴത്തോട്ടത്തിലെ ഷെഡ്ഡിൽ കൊല്ലപ്പെട്ടത്. മദ്യപിച്ചു ഉണ്ടായ തർക്കത്തെത്തുടർന്ന് സുഹൃത്താണ് വെടി ഉതിർത്തതെന്നാണ് പ്രാഥമിക നിഗമനം. കൃത്യത്തിനു ശേഷം സമീപത്തെ തോട്ടത്തിലെ ഉടമ സാദിഖിനെ മഹേഷ് ഇക്കാര്യം ഫോണിലൂടെ അറിയിക്കുകയും,
താൻ വിഷം കഴിച്ചതായി പറഞ്ഞതായും അറിയുന്നു. മഹേഷ് പാട്ടത്തിനെടുത്ത് വാഴ കൃഷി ചെയ്യുന്ന സ്ഥലത്തെ ഷെഡ്ഡിലാണ് സംഭവം. കൊല്ലപ്പെട്ട സജീർ എന്ന ഫക്രുദ്ദീൻ ഇവിടെ എന്തിനു വന്നു എന്നത് ഇപ്പോഴും വ്യക്തമല്ല. ഫക്രുദീന്റെ നാഭിക്ക് വലതു വശത്താണ് വെടിയേറ്റിട്ടുള്ളത്.ഇതിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനായിട്ടില്ല. ഫക്രുദീന്റെ മൃതദേഹത്തിൽ വലതുകൈയ്യിൽ ഗ്ലാസ് കണ്ടെത്തിയിട്ടുണ്ട്. സമീപത്ത് മദ്യക്കുപ്പിയും ഉണ്ട്.
കാണാതായ മഹേഷിന് പിടിച്ചുപറിയുമായി ബന്ധപ്പെട്ട് നാട്ടുകൽ പോലീസ് സ്റ്റേഷനിൽ കേസുണ്ട്. കൊല്ലപ്പെട്ട ഫക്രുദ്ദീൻ കഞ്ചാവ് വ്യാപാരം നടത്തിയതിൽ അഗളി പോലീസ് സ്റ്റേഷനിലും കേസുണ്ട്.










