പാലക്കാട്ഗവ. മെഡിക്കൽ കോളേജിന്റെ സ്ഥലത്ത് പാലക്കാട് നഗരസഭയുടെ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് അനുവദിക്കുന്നത് ഉചിതമാകില്ലെന്ന് പട്ടികജാതി–- വർഗ കമീഷൻ. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് സന്ദർശിച്ച് കമീഷനംഗം എസ് അജയകുമാർ വിവരങ്ങൾ ആരാഞ്ഞു. എസ്സി/എസ്ടി വകുപ്പിനു കീഴിലുള്ള മെഡിക്കൽ കോളേജിന്റെ 70 സെന്റിൽ കക്കൂസ് മാലിന്യ സംസ്കരണകേന്ദ്രം നിർമിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. അമൃത് പദ്ധതിയിൽ 3.5 കോടി ചെലവിൽ 100 കെഎൽഡി സംസ്കരണശേഷിയുള്ള പ്ലാന്റ് നിർമിക്കാനായിരുന്നു പദ്ധതി. ആശുപത്രി വികസനത്തിന് നിലവിലുള്ള സ്ഥലം തികയാതെവരുമെന്നതിനാൽ ആശുപത്രി ഭരണവിഭാഗം സ്ഥലം ഏറ്റെടുക്കലിനെ എതിർത്തു. പദ്ധതിയുമായി നഗരസഭ മുന്നോട്ടു പോയതോടെ പികെഎസ് ജില്ലാ സെക്രട്ടറി വി പൊന്നുക്കുട്ടൻ പട്ടികജാതി –- വർഗ കമീഷന് പരാതി നൽകി.










