പല്ലശ്ശന:- മലമ്പുഴ ഇറിഗേഷൻ കനാൽ ഒന്നാം വിള നടീലിനു വേണ്ടി ജലസേചനത്തിനായി തുറന്നിരിക്കുന്നുവെങ്കിലും കനാലിനകത്തെ മാലിന്യങ്ങളും, കുറ്റിച്ചെടികളും ജലത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിച്ചതിനാൽ മലമ്പുഴ എൽ. ബി. സി. നമ്പർ ഒന്ന്, നമ്പർ രണ്ട് എന്നിവ ഉൾപ്പെട്ട പല്ലശ്ശനപഞ്ചായത്തിലെ കർഷകർ മലമ്പുഴ ഇറിഗേഷൻ്റെ വെള്ളത്തിനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പെയ്ത മഴ കർഷകർക്ക് ആശ്വാസമായി. വയലുകളിൽ നടീൽ ജോലികൾക്ക് കൂടല്ലൂരിലെ കർഷകരും തുടക്കം കുറിച്ചു. കോവിഡ് നിയന്ത്രണം മൂലം അതിഥി തൊഴിലാളികളെന്ന വിശേഷണമുള്ള ബംഗാളികളുടേയും, തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളുടേയും കുറവ് നടീലിനെ സാരമായി ബാധിച്ചു. ഒരേക്കർ കൃഷിയിടം നടീലിന് പരമാവധി മൂന്നോ നാലോ ആൾക്കാരെയാണ് കർഷകർക്ക് ലഭിക്കുന്നത്. ഒരേക്കർ കൃഷിയിടം ഞാറു പറിച്ചു നടുന്നതിന് 4250/- മുതൽ 4500/- രൂപ വരെ നൽകുന്നതിനുപുറമെ. ചായ,ടിഫൻ എന്നിവയും നൽകണമെന്ന് കർഷകർ പറയുന്നു. ഓരോ വയലും നട്ടു കഴിയുന്നതും കാത്ത് അടുത്തവയലിൽ കാവൽ നിൽക്കുന്ന ട്രാക്ടറുകളും ഇപ്രാവശ്യത്തെ മറ്റൊരു കാഴ്ചയാണ്. ഇപ്രാവശ്യത്തെ നടീൽ എപ്പോൾ കഴിയും എന്ന ആശങ്കയിലാണ് കൂടല്ലൂരിലെ മിക്കകർഷകരും.