വ്യാജ പീഡനക്കേസ് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ചവർ കുടു പീഡനക്കേസ് അന്വേഷിക്കാൻ വന്നവരെന്ന വ്യാജേന പ്രവാസിയുടെ വീട്ടിൽ തട്ടിപ്പിനു പോയവർ കുടുങ്ങി’. ചുനങ്ങാട് മുരുക്കുംപറ്റ സ്വദേശിയുടെ വീട്ടിലാണു യുവാവും യുവതിയും പണം തട്ടാനുള്ള ശ്രമവുമായി എത്തിയത്. പ്രവാസി യുവാവിന്റെ കളഞ്ഞുപോയ ഡ്രൈവിങ് ലൈസൻസുമായാണ് ഇരുവരും കഴിഞ്ഞ ദിവസം ഉച്ചയോടെ മുരുക്കുംപറ്റയിലെത്തിയത്.
ബൈക്കിലെത്തിയ യുവാവും യുവതിയും ലൈസൻസിലെ വിലാസം കാണിച്ചു വീടന്വേഷിച്ചതു 2 വർഷത്തോളമായി ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസിയുടെ സഹോദരനോട്. മുരുക്കുംപറ്റ സ്വദേശി ഗൾഫിൽ പോകുന്നതിനു മുൻപു നഷ്ടപ്പെട്ട ലൈസൻസാണത്രെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ നിന്നാണെന്ന് അവകാശപ്പെട്ടവരുടെ കയ്യിലുണ്ടായിരുന്നത്.
6 മാസം മുൻപു കാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസാണെന്നും ലൈസൻസ് കാറിൽ നിന്നു കണ്ടെടുത്തതാണെന്നും പറഞ്ഞായിരുന്നു വീട്ടുകാർക്കു നേരെ വിരട്ടൽ. വിവരമറിഞ്ഞ് അമ്പലപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ശശികുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ഇതോടെ പൊലീസല്ലെന്നും ഒരു സംഘടനയുടെ ആളുകളാണെന്നും തട്ടിപ്പിനെത്തിയവർ തിരുത്തി. ഇതിനകം കേസ് ഒഴിവാക്കാനെന്ന പേരിൽ പ്രവാസിയുടെ കുടുംബത്തോട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നെന്നും ശശികുമാർ പറഞ്ഞു.









