മേപ്പറമ്പിൽ പശുവിനെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
പാലക്കാട്: ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി റോഡിന് കുറുകെച്ചാടിയ പശുവിനെ ഇടിച്ച് വീണ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പിരായിരി മാപ്പിളക്കാട് മെട്രോനഗർ കുഞ്ഞുമോന്റെ മകൻ സുബൈറാണ് (30) മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അപകടമുണ്ടായത്. മേപ്പറമ്പ് പെട്രോൾ പമ്പിനുസമീപം സുബൈർ സഞ്ചരിച്ചിരുന്ന ബൈക്ക് പശുവിനെ ഇടിച്ച് മറിയുകയായിരുന്നെന്ന് ടൗൺ നോർത്ത് പോലീസ് പറഞ്ഞു. തെറിച്ചുവീണ സുബൈറിന്റെ ദേഹത്ത് എതിരെവന്ന ഓട്ടോയും തട്ടി. സാരമായി പരിക്കേറ്റ യുവാവ് ഒരുമണിക്കൂറിലേറെ സംഭവസ്ഥലത്ത് കിടന്നതായി സൂചനയുണ്ട്.
ബൈക്കപകടത്തിൽ പരിക്കേറ്റ് ഒരാൾ റോഡരികിൽ കിടക്കുന്ന വിവരം നാട്ടുകാരായ രണ്ട് യുവാക്കളെത്തി ടൗൺ നോർത്ത് പോലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ പോലീസ് സ്ഥലത്തെത്തി ആംബുലൻസ് അന്വേഷിച്ചെങ്കിലും കുറെ വൈകിയാണ് വാഹനം ലഭിച്ചത്. സമീപത്ത് ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും കോവിഡ് രോഗിയെ കൊണ്ടുപോകാൻ ഉപയോഗിച്ചതായതിനാൽ മറ്റൊരു ആംബുലൻസെത്തിച്ചാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. യുവാവ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. നഗരത്തിലെ തുണിക്കടയിലെ ജീവനക്കാരനായ യുവാവ് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴിയാണ് അപകടമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. റംലയാണ് സുബൈറിന്റെ മാതാവ്. ഭാര്യ: സെബീന. മകൻ: ഷെഫ്‌വാൻ. സഹോദരങ്ങൾ: മുജീബ്, സുൽഫി.









