സജിത റഹ്മാൻ പ്രണയം: പൊലീസിനോട് റിപ്പോർട്ട് തേടി വനിതകമീഷൻ
പാലക്കാട്: പത്ത് വർഷത്തോളം ഒറ്റമുറിയിൽ ഒളിച്ചുകഴിഞ്ഞ സജിതയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നും നെന്മാറ പൊലീസിനോട് ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിത കമീഷൻ അംഗം ഷിജി ശിവജി പറഞ്ഞു.
പ്രണയത്തിന്‍റെ പേരിലാണെങ്കിൽ പോലും 10 വർഷം മുറിക്കുള്ളിൽ അടച്ചിടപ്പെട്ട സജിതയുടെ മാനസികവും ശാരീരികവും ആയ ആരോഗ്യാവസ്ഥയെക്കുറിച്ച് ആശങ്കയുണ്ട്. ഈ നാളുകളിൽ ഇവർക്ക് മതിയായ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല എന്നുവേണം കരുതാൻ. സജിതയുടെ ഫോട്ടോയും വിഡിയോയും കാണുമ്പോൾ അങ്ങനെയാണ് മനസ്സിലാകുന്നത്.
ലോക്ഡൗൺ കാലയളവിൽ പോലും വീട്ടിലിരിക്കാൻ ആകാത്തവരാണ് സാധാരണക്കാർ. നീണ്ട 10 വർഷങ്ങളാണ് സജിത മുറിക്കുള്ളിൽ തന്നെ കഴിഞ്ഞത്. വേണ്ടത്ര സൂര്യപ്രകാശം പോലും ലഭിച്ചിട്ടിട്ടുണ്ടാകില്ല. 18 വയസ് മുതൽ ഒരു പെൺകുട്ടിയുടെ മാനസികവും ശാരീരികവും ജൈവീകവുമായ ആവശ്യങ്ങൾ നിറവേറ്റപ്പെടാനാവശ്യമായ സാഹചര്യം ലഭിച്ചിരുന്നില്ല. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം കമീഷന് ആശങ്കയുണ്ട്. സജിത സ്വന്തം ഇഷ്ടപ്രകാരമാണ് അങ്ങനെ കഴിഞ്ഞിരുന്നത് എന്നിരുന്നാൽ പോലും കമീഷന് ഇക്കാര്യത്തിൽ ആശങ്ക രേഖപ്പെടുത്താതിരിക്കാനാവില്ല










