പരിസ്ഥിതിയുടെ പരിത:സ്ഥിതി
അസീസ് മാസ്റ്റർ
ഇന്ന് നാം പരിസ്ഥിതി ദിനം കൊണ്ടാടുകയാണ്. മുൻപ് സ്കൂളുകൾ കേന്ദ്രീകരിച്ചും സന്നദ്ധ സംഘടനകളും രാഷ്ട്രീയ യുവ സംഘടനകളും പ്രാദേശിക പരിസ്ഥിതി ക്ലബ്ബുകളും വൃക്ഷത്തൈ നട്ടും പരിസ്ഥിതി ബോധവത്ക്കരണ റാലി നടത്തിയുമാണ് പരിസ്ഥിതി ദിനം ആഘോഷിച്ചിരുന്നത്. കോവിഡ് മഹാമാരിക്കാലത്ത് ഇതൊക്കെ പഴങ്കഥയാവുകയാണ്.
പരിസ്ഥിതിയുടെ വെല്ലുവിളികൾ സംബന്ധിച്ച ചർച്ചകളിൽ കുടിവെള്ളം, ഖനനം, തരിശുഭൂമി എന്നിവയും അവയുമായി ബന്ധപ്പെട്ട ആശങ്കകളുമാണ് ഇതുവരെ പങ്കുവെക്കാനുണ്ടായിരുന്നത്. എന്നാൽ ഇന്ന് കുടിവെള്ളം, വായു മലിനീകരണ തോത് എന്നതും കടന്ന് കൊറോണ ശ്വസിക്കാനുള്ള ശുദ്ധവായുവിൻ്റെ പ്രാധാന്യം കൂടി ബോധ്യപ്പെടുത്തിയിരിക്കുന്നു.
കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ അനേക ലക്ഷം പേരാണ് ഓക്സിജൻ ലഭിക്കാതെ ബുദ്ധിമുട്ടിയതും അവരിൽ പലരും മരണത്തിന് കീഴടങ്ങിയതും. മൂന്നാം തരംഗത്തിൻ്റെ തുടക്കത്തെ കുറിച്ച് ചർച്ച ചെയ്ത ആദ്യനാളുകളിലാണ് ഇക്കൊല്ലത്തെ പരിസ്ഥിതി കടന്നു വന്നതെന്ന പ്രത്യേകതയുണ്ട്. ഇനിയെന്തു ദുരന്തമാണ് കാത്തിരിക്കുന്നത് എന്ന ആവലാതിയാണ് എല്ലാവരിലും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പലതരം ദുരന്തങ്ങളിലൂടെയാണ് കേരളം കടന്നു പോവുന്നത്. സൂര്യാതപം, പേമാരി, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കാട്ടുതീ, കടൽക്ഷോഭം അങ്ങനെ പലതും നമ്മൾ ഇതിനകം അനുഭവിച്ചു കഴിഞ്ഞു. ഓരോ ദുരന്തവും പാരിസ്ഥിതിക തകർച്ചയ്ക്കും വലിയ തോതിലുള്ള ജൈവവൈവിധ്യ നഷ്ടത്തിലും നമ്മൾ നിശബ്ദത തുടരുകയാണ്.
പരിസ്ഥിതി പ്രവർത്തകരെ, അവർ ഉന്നയിക്കുന്ന ആരോപണങ്ങളെ വികസന വിരോധികൾ എന്ന മുദ്രകുത്തി അപമാനിക്കുന്ന നിലപാടാണ് ചുറ്റുമുള്ളവരിലും ഏറെയും.
കുപ്പിവെള്ളം വില കൊടുത്തു വാങ്ങുന്ന അതേ ലാഘവത്തോടെ കുപ്പി വായു വാങ്ങുന്ന തലമുറയിലേക്കുള്ള മാറത്തിലേക്കാണ് നാം ഓരോരുത്തരും കാലൂന്നിയിരിക്കുന്നത്.
ഈയൊരു സമകാലിക കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ നേരിടാനുള്ള പോംവഴി ശേഷിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതു മാത്രമാണ്.
രാജ്യത്തെ തദ്ദേശഭരണ സ്ഥാപനങ്ങൾക്കു കീഴിൽ ജൈവവൈവിധ്യ പരിപാലന സമിതി അഥവാ ബയോ ഡൈവേഴ്സിറ്റി മാനേജ്മെൻ്റ് കമ്മിറ്റികൾ – ബി എം സി രൂപീകരിച്ചത് നമ്മുടെ കൊച്ചു കേരളമാണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയായിരുന്നു ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നത്. എന്നാൽ തുടർന്നു വന്ന സർക്കാർ അതിൻ്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കാര്യമായ ഇടപെടൽ നടത്തിയില്ല എന്നത് ഖേദകരമായ വസ്തുതയാണ്.
പ്രകൃതിയെയും പരിസ്ഥിതിയെയും സസ്യ – ജന്തുജാലങ്ങളെയും വേണ്ട വിധം പരിപാലിക്കുക, പ്രകൃതി വിഭവങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കുക, പ്രകൃതി വിഭവ സമാഹരണത്തിലൂടെയുള്ള സാമ്പത്തിക നേട്ടം നീതിപൂർവ്വമാക്കുക തുടങ്ങിയ സി ബി സി ഡി ലക്ഷ്യങ്ങളിൽ ഒപ്പു രാഷ്ട്രം എന്ന നിലയിൽ നമുക്ക് പരിസ്ഥിതിക്ക് അനുകൂലമായ പെരുമാറ്റം അനിവാര്യമാണ്.
പഴയ പാരിസ്ഥിതിക പ്രശ്നങ്ങൾക്കിടയിൽ കടന്നു വന്ന കൊറോണ നമ്മളെയെല്ലാവരെയും വീട്ടിലിരുത്തിയപ്പോൾ പ്രകൃതിക്ക് വന്ന ഉണർവ്വ് നാം കാണാതെ പോവരുത്. കർശനമായ ലോക്ഡൗൺ ഏർപ്പെടുത്തിയ കഴിഞ്ഞ വർഷം മുതൽ രാജ്യത്ത് വായു മലിനീകരണം നന്നായി കുറഞ്ഞുവെന്ന പഠനം സന്തോഷം നൽകുന്നു. എം ജി സർവകലാശാല പ്രൊ-വൈസ് ചാൻസലറും പരിസ്ഥിതി പഠന വിഭാഗം പ്രഫസറുമായ ഡോ. സി ടി അരവിന്ദ കുമാറിൻ്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് കൊറോണക്കാലത്തെ ലോക്ക് ഡൗൺ വായു മലിനീകരണം കുറച്ചുവെന്ന് കണ്ടെത്തിയത്.
അതെ, കോവിഡു കാലത്തെ പരിസ്ഥിതി മനുഷ്യരുടെ പരിതസ്ഥിതിയിലും പച്ചപ്പിടിച്ച് നിൽക്കുന്നുവെന്ന തിരിച്ചറിവ് സന്തോഷം തന്നെയാണ്. പച്ചപ്പാർന്ന ഒരു ലോകത്തിനായി നമുക്ക് പ്രകൃതിയെ തുണക്കാം. ജയ് ഹിന്ദ്










