കഥ
ശുഭദിനാശംസകൾ
— രാമദാസ് – ജി-കുടല്ലൂർ —
അക്ഷരമുറ്റത്ത് തങ്ങളെ പിച്ചവയ്ക്കാൻ പഠിപ്പിച്ച കുട്ടി മാഷിനെ അന്നും പതിവുപോലെ പ്രഭാതസവാരിക്കിടെ ചോട്ടുവും,മോട്ടുവും കണ്ടു മുട്ടി.
ഏവരും പരസ്പരം ശുഭദിനാശംസകൾ പങ്കുവെച്ചു.
കുട്ടികളെ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യമെന്താണെന്നറിയാമോ?
മാഷ് അവരോടു ചോദിച്ചു.
മോട്ടൂ…….
ഇന്ന് ജൂൺ – 5 അല്ലേ? ലോക പരിസ്ഥിതിദിനം ഇന്നല്ലേ? ചോട്ടുചോദിച്ചു.
അപ്പോൾ നിനക്കത് ഓർമ്മയുണ്ടല്ലോ അല്ലെ? മോട്ടു അഭിപ്രായപ്പെട്ടു.
നിങ്ങൾ രണ്ടു പേരും പറഞ്ഞത് ശരിയാണ്.എന്നാൽ ഈ പ്രത്യേക ദിവസത്തിന്റെ പ്രാധാന്യം അറിയാവുന്ന നിങ്ങളിരുവരും ഈ ദിവസത്തിന്റെ ഓർമ്മക്കായി പ്രകൃതി ക്കുവേണ്ടി എന്തു ചെയ്യുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
മാഷ് അവരോട് ചോദിച്ചു.
ചോട്ടു ഒരുമഹാഗണി തൈ നട്ടുപിടിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും, മോട്ടു ഒരു കറിവേപ്പില തൈ വച്ചു പിടിപ്പിക്കണമെന്ന് തീരുമാനിച്ചെന്നും മാഷിനെ അറിയിച്ചു.
നല്ല കാര്യം നിങ്ങളിരുവരുടേയും കാഴ്ചപ്പാടിൽ അവയ്ക്കുള്ള പ്രത്യേകതയെന്താണെന്ന് വിശദീകരിക്കാമോയെന്ന് മാഷ് അവരോട് പറഞ്ഞു.
മഹാഗണി ഒരു വൻ വൃക്ഷമാകുമ്പോൾ ഭാവിയിൽ ഗുണം ചെയ്യും എന്ന് ചോട്ടു വും, കറിവേപ്പില നിത്യേന ഉപയോഗപ്രദമായ ഒന്നാണെന്ന് മോട്ടുവും പറഞ്ഞു.
അവരുടെ ഈ സംഭാഷണത്തിനിടെയും അവരേവരും പ്രഭാത നടത്തം തുടർന്നുകൊണ്ടിരുന്നു.
ഓരോ കാര്യത്തിലും ഓരോരുത്തരുടെയും കാഴ്ചപ്പാട് വിഭിന്നമാണ്. അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കും.
വൻവൃക്ഷമായി രൂപാന്തരം പ്രാപിക്കുന്ന വ മിക്കപ്പോഴും നമ്മളുടെ ആവശ്യ സമയത്ത് മുറിക്കപ്പെടുമ്പോൾ നമ്മൾ ഉദ്ദേശിച്ചതിന് വിപരീത ഫലമുളവാക്കുന്നവയാണെന്നു കണ്ടെന്നും വരാം.
എന്നിരുന്നാലും ഏറ്റവും കൂടുതൽ മൂല്യമുള്ളതും, വിലമതിക്കുന്നതും, മഹാഗണി തന്നെയാണ്.
എന്നാൽ നിത്യവും ഉപയോഗിക്കാനുതകുന്ന കറിവേപ്പിലക്ക് മഹാഗണിയുടേതിനേക്കാൾ ചില പ്രത്യേക ഗുണങ്ങൾ ഉണ്ടെന്നുള്ളത് മറന്നുകൂടാ.
എല്ലാ വസ്തുക്കളിലും വ്യത്യസ്തമായ ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നതെന്ന് നിങ്ങളേവർക്കും അറിയാമല്ലോ.
ആഹാര പദാർത്ഥങ്ങളും പലഹാരങ്ങളിലും കറിവേപ്പില ഉപയോഗിക്കാറുണ്ടെങ്കിലും, ഒഴിച്ചുകൂടാൻ പറ്റാത്തവയാണെങ്കിലും ചിലയിടങ്ങളിലൊന്നും ഇവയ്ക്ക് സ്ഥാനമില്ല. മധുരപലഹാരങ്ങളിൽ കറിവേപ്പില ഉപയോഗിക്കാറില്ലെന്നും നിങ്ങൾക്കറിയാമല്ലോ അല്ലേ? മാഷ് പറഞ്ഞു.
ചിലർ നട്ടുപിടിപ്പിക്കുന്ന മരങ്ങൾ അല്ലെങ്കിൽ ചെടികൾ പരിപാലിക്കാതെയും, സംരക്ഷിക്കപ്പെടാതെ യും വളരുമ്പോൾ അവയെ ചില സന്ദർഭങ്ങളിൽ, ചില കാലഘട്ടങ്ങളിൽ ചിലരെല്ലാം ഉപയോഗപ്പെടുത്താറുണ്ട്.
ഏതൊരു ചെടിയും നട്ടു പിടിപ്പിച്ചതുകൊണ്ടുമാത്രം അത് കരുത്തുറ്റതാകണമെന്നില്ല.
ഏതൊരു ചെടിക്കും അതാതു സമയത്തുള്ള വളപ്രയോഗവും, ജലവും, സൂര്യപ്രകാശവും ലഭിച്ചാൽ മാത്രമെ അത് കരുത്തുറ്റതാവുകയുള്ളൂവെന്ന് നിങ്ങൾക്കറിയാമല്ലൊ. അത് നിൽക്കുന്ന പരിസരത്തെ മണ്ണിന്റെ സ്വഭാവം, വളക്കൂറ് എന്നിവയും വളർച്ചക്കുള്ള പ്രധാന ഘടകമാണ്.
എന്നാൽ ചിലവ വള്ളികളും, പാഴ്ചെടികളും കൊണ്ട് മൂടി കാണാതായാലും ചില സമയങ്ങളിൽ നമ്മൾ അതിനെ തേടി എത്താറുണ്ട്.
അങ്ങിനെ അത്യാവശ്യ സമയത്ത് നമുക്ക് ഉപകാരപ്രദമാകുന്ന ഏതിനെയും നമ്മൾ അമൂല്യമായി കാണുന്നു.
അങ്ങിനെ ലഭിക്കുന്നവയ്ക്ക് ചിലർ കുപ്പയിലെ മാണിക്യം എന്നും സന്ദർഭോചിതമായി പേരു നൽകാറുണ്ട്.
എന്നിരുന്നാലും അവ എന്നും പരിപാലിക്കപ്പെടാതെ കുപ്പയിൽ നിൽക്കുന്നവർ തന്നെയാണ്.
അതുകൊണ്ട് നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങൾ നട്ടുപിടിപ്പിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തുള്ള മറ്റ് പ്രയോജനപ്രദമായ ചെടികൾ നശിപ്പിക്കാതെ, പാഴ്ചെടികളും, മറ്റ് അനാവശ്യ വസ്തുക്കളും, മാറ്റി പരിസരം വൃത്തിയാക്കണം.
അവർ ഏവരുടേയും പ്രഭാത നടത്തം തിരികെ മാഷിന്റെ വീടിന് മുമ്പിലെത്തി.
എല്ലാം പറഞ്ഞതുപോലെ ചെയ്യുമല്ലോ? എനിക്ക് കാലത്ത് 10 മണിക്ക് നമ്മുടെ വായനശാലയുടെ പരിസരത്ത് വൃക്ഷത്തൈ വച്ചുപിടിപ്പിക്കുന്നത് ഉദ്ഘാടനം നിർവഹിക്കുന്നിടത്ത് എത്തേണ്ടതുണ്ട്. അപ്പോൾ നിങ്ങളും അവിടേക്ക് വരാൻ മറക്കില്ലല്ലോ?
അതിനു മുമ്പായി നിങ്ങളുടെ വീട്ടിലെ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുക.
സമയം ഇപ്പോൾ ഏഴര മണിയായി. ഞാൻ പോയി കുളിച്ചു റെഡിയാവട്ടെ മാഷ് പറഞ്ഞു.
സാർ….,
വീട്ടിലേക്ക് പോകാനൊരുങ്ങിയ മാഷിനെ ചോട്ടുവും, മോട്ടുവും പിന്നിൽ നിന്നും വിളിച്ചു.
മാഷ് തിരിഞ്ഞു നോക്കി.
മാഷ്., വായനശാലക്ക് പോകുന്നത് ഞങ്ങളുടെ വീടിനു മുൻപിലൂടെ അല്ലേ.
വൃക്ഷത്തൈ നടാനുള്ള ഒരുക്കങ്ങളെല്ലാം ഞങ്ങൾ ശരിയാക്കി വെച്ചിട്ടുണ്ട്. പോകുംവഴി അങ്ങോട്ടൊന്നു കയറാമോ? അവരിരുവരും ഒരുമിച്ച് മാഷോട് ചോദിച്ചു.
ശരി പെട്ടെന്ന് ആവട്ടെ.ഞാനിപ്പോൾ വരാം. മാഷ് ധൃതിപിടിച്ച് മാഷുടെ വീട്ടിനകത്തേക്കുപോകുമ്പോൾ, ചോട്ടുവും,മോട്ടുവും അവരുടെ വീട്ടിലേക്ക് യാത്ര തുടർന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അവരുടെ വീട്ടിലേക്ക് മാഷ് എത്തി.
മാഷിനെ കണ്ട് ആ സഹോദരങ്ങളുടെ മാതാപിതാക്കൾ ബഹുമാനത്തോടെ വണങ്ങി.
ചോട്ടുവും, മോട്ടുവും ഒരു ബക്കറ്റിൽ വെള്ളവും, ഒരു കയ്ക്കോട്ടും, രണ്ട് ചെടികളും കൊണ്ട് നില്പുണ്ടായിരുന്നു.
മാഷ് ഈചെടികൾ നടണം എന്നുള്ളത് അവരുടെ ആഗ്രഹമാണ്. അച്ഛനും അച്ഛനും,അമ്മയും ചേർന്ന് മാഷിനോട് പറഞ്ഞു.
അവർ ആ തൈകൾ നടട്ടെ. എൻ്റെ സാന്നിദ്ധ്യം ഉണ്ടല്ലോ? പിന്നെന്താ?
മാഷുടെ അഭിപ്രായം മാനിച്ച് ചോട്ടുവും, മോട്ടുവും തൈകൾ നട്ടുപിടിപ്പിച്ചു.
അവരെല്ലാവരും ഓരോ ചായ കുടിച്ച്, വായനശാല മുറ്റത്തേക്ക് ഇറങ്ങാൻ നേരം മാഷ് പറഞ്ഞു. ആ ചെടികൾക്ക് തണലേകാൻ താൽക്കാലികമായി വല്ല ഇലകളുള്ള ചെറു ചില്ലകളും അതിനുചുറ്റും മറച്ചുവയ്ക്കണം.
വേരുപിടിച്ചാലോ,വെയിലുള്ള സമയങ്ങളല്ലെങ്കിലോ ഈ പറഞ്ഞതിന്റെ ആവശ്യമില്ല.
ഈ ചെടികൾക്ക് നിങ്ങളുടെ സംരക്ഷണംകൂടി
ആവശ്യമാണ്. നിങ്ങൾ നിങ്ങളുടെ മക്കളെയെന്നപോലെ, ഈ ചെടികളേയും സംരക്ഷിക്കാൻ സമയം കണ്ടെത്തണം.
മാഷിൻ്റെ വാക്കുകൾ അവരെ ആനന്ദഭരിതരാക്കി.
കൃത്യസമയത്തുതന്നെ വായനശാലയിൽ പരിപാടികൾ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വൃക്ഷത്തൈ വച്ചുപിടിപ്പിക്കുന്നത് ഉദ്ഘാടനം ചെയ്തതിനുശേഷം, ഏവർക്കും ഒരോ വൃക്ഷത്തൈകൾ നൽകുന്നതിന്റെ ഉദ്ഘാടനവും കുട്ടിമാഷ് നിർവഹിച്ചു. കാര്യപരിപാടികൾ അവസാനിച്ചു.
വായനയുടെ അങ്കണത്തിൽ നിന്നും പോകാൻനേരം മാഷ് പറഞ്ഞതനുസരിച്ച് ചോട്ടുവും, മോട്ടുവും വൈകുന്നേരം നാലുമണിക്ക് മാഷിന്റെ വീട്ടിലെത്തി.
സ്വീകരണമുറിയിലെ അതിമനോഹരമായ പലവിധത്തിലുള്ള ചിത്രങ്ങളും, ശില്പങ്ങളും മാഷിന്റെ കലയോടുള്ള നൈപുണ്യം വിളിച്ചറിയിക്കുന്നതായിരുന്നു.
മാഷ് അവരിരുവർക്കും മുളകൊണ്ടുണ്ടാക്കിയ ഓരോ “കൂട” കൊടുത്തതിനു ശേഷം പറഞ്ഞു. ഇത് നിങ്ങൾ നട്ടചെടികളുടെ സംരക്ഷണത്തിനുള്ള താണ്. അത് സ്ഥാപിക്കേണ്ടവിധവും മാഷ് അവർക്ക് പറഞ്ഞു കൊടുത്തു.
പിന്നീട് മാഷ് ചോട്ടുവിന് ഒരുചെറിയ പലകയിൽ “കൊറോണക്കാലത്തെ ജൂൺ 5” എന്ന് ഭംഗിയായി എഴുതിയ ബോർഡ് നൽകിയിട്ടുപറഞ്ഞു.
ഇത് ചോട്ടുവിൻ്റെ മഹാഗണി നട്ടതിൻ്റെ ഓർമ്മക്കാണ്.
കുറച്ചുനാൾ ഇത് നിങ്ങളുടെ വീട്ടിലെ സ്വീകരണമുറിയിൽ വച്ചോളൂ.
മരം വളരുമ്പോൾ അതിനടുത്ത് വെയ്ക്കാം. ആരേയും ഏതു വൃക്ഷങ്ങളിലും ആണിപോലുള്ളവ കൊണ്ട് പോറലുകളേൽപിക്കാൻ അനുവദിക്കരുതെന്നും മാഷ് ഓർമ്മിപ്പിച്ചു.
നമുക്കപ്പോൾ നാളെകാലത്ത് വീണ്ടും കാണാമല്ലേ മാഷ് പറഞ്ഞു.
ചോട്ടുവിനൊപ്പം പോകുന്ന മോട്ടുവിൻ്റെ ദയനീയ മുഖം മാഷ് മുൻകൂട്ടി ചിന്തിച്ചിരുന്നു.
മോട്ടൂ… ഇങ്ങോട്ടൊന്നുവന്നേ.മാഷ്പറഞ്ഞു. വിഷണ്ണനായി നിൽക്കുന്ന അവൻ്റെകയ്യിൽ മനോഹരമായെഴുതിയ ഒരു ചെറിയ ബോർഡ് നൽകി. Hotel management studies@2021 എന്നായിരുന്നു മാഷ് നൽകിയ ആ ബോർഡിൽ എഴുതിയിരുന്നത്.
മാഷ്., മോട്ടുവിനോടായി പറഞ്ഞു. മോട്ടൂ നീ.,
ഈ ബോർഡിനെ എന്നും നിന്റെ വീട്ടിലെ സ്വീകരണമുറിയിൽ തന്നെ വയ്ക്കുക.
എന്നും ചവച്ചു തുപ്പുന്നതാണേലും നിന്റെ കറിവേപ്പില ഏവർക്കും പ്രിയമുള്ളതാണെന്ന് ഞാനും മറക്കില്ലാട്ടോ…
മാഷ് സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു.
കറിവേപ്പില വേരുപിടിച്ച് മൂന്നോ,നാലോ മാസങ്ങൾക്ക് ശേഷം, വീട്ടിൽ ആവശ്യം കഴിഞ്ഞുള്ള കഞ്ഞിവെള്ളം ആ ചെടിയുടെ ചുവട്ടിൽ ഒഴിക്കുക. ഇലകൾ തളിർത്തു വരുന്നതിന് അത് സഹായകരമായിരിക്കും. മാഷ് മോട്ടുവിനെ ഓർമ്മിപ്പിച്ചു.
സ്വന്തം ആവശ്യം കഴിഞ്ഞുള്ള കറിവേപ്പില, മറ്റുള്ളവർക്ക് വിലക്കു വില്ക്കാം. അതുമല്ലെങ്കിൽ സന്നദ്ധ സംഘടനകൾ നടത്തുന്ന സാമൂഹിക അടുക്കളയിലേക്ക് നൽകാം. അങ്ങിനെയല്ലേ.., മോട്ടൂ.
മാഷിനോട് തീർച്ചയായും എന്ന് പറയുമ്പോൾ അവൻ്റെ കണ്ണിൽ ആനാന്ദാശ്രുക്കൾനിറയുകയായിരുന്നു.
അപ്പോൾ നമ്മൾക്ക് നാളെ കാലത്ത് വീണ്ടും കാണാം മാഷ് പറഞ്ഞു.
അവർ ഏവരും പരസ്പരം “ശുഭദിനം” നേർന്നു കൊണ്ട്
ചോട്ടുവും,മോട്ടുവും മാഷിന്റെ വീട്ടിൽ നിന്നും വിടവാങ്ങി.
തളിരിട്ട കറിവേപ്പിലയും,ഇലപൊഴിക്കുന്ന മഹാഗണി വൃക്ഷവും, സ്വീകരണമുറിയിൽ തൂക്കിയിട്ടിരിക്കുന്ന മാഷിന്റെ മനോഹരമായ ബോർഡുകളും മനസ്സിൽപേറി അവർ വീട്ടീലേക്കു നീങ്ങുമ്പോൾ. അസ്തമയസൂര്യൻ വിടചൊല്ലാനൊരുങ്ങുകയായിരുന്നു.










