കരിമ്പ: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കരിമ്പ പഞ്ചായത്തിൽ നിയന്ത്രണം കടുപ്പിക്കാൻ വ്യാഴാഴ്ച ചേർന്ന അവലോകനയോഗം തീരുമാനിച്ചു. പഞ്ചായത്ത് പൂർണമായും അടച്ചിടൽ കർശനമായി നടപ്പിലാക്കും. അകത്തേക്കും പുറത്തേക്കും കടക്കാൻ ഒരുമാർഗം മാത്രമാണ് ഉണ്ടായിരിക്കുക. റോഡുകൾ അടച്ചിടുന്ന ഭാഗത്ത് ആർ.ആർ.ടി. അംഗങ്ങളെ നിർത്തി യാത്രക്കാരെ കർശനമായി നിയന്ത്രിക്കും.
അവശ്യ സാധനങ്ങളുടെ കടകളടക്കം ഇളവുകളുള്ള സ്ഥാപനങ്ങളെല്ലാം തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ 12 മണിവരെ മാത്രമാണ് തുറക്കാൻ കഴിയുക. കടകളിൽ ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക, അതിനായി ആർ.ആർ.ടി. പ്രവർത്തകരുടെയോ, കടയിലെ ജീവനക്കാരുടെയോ സഹായം തേടാം.
സർക്കാർ അനുവദിച്ചിട്ടുള്ള മറ്റിളവുകൾ പഞ്ചായത്തിൽ ബാധകമായിരിക്കില്ല. പോലീസിന്റെ കർശന നിരീക്ഷണം ഉണ്ടാകും. പ്രവേശന മാർഗങ്ങളിലുള്ള ബാരിക്കേഡുകൾ തകർക്കുന്നവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കും.










