പാലക്കാട്
ബ്ലാക്ക് ഫംഗസ് സംബന്ധിച്ച് ജില്ലയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്. പാലക്കാട് ജില്ലക്കാരായ അഞ്ചു പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവർ നിലവിൽ ജില്ലയിൽ ചികിത്സയിലില്ല.
കഴിഞ്ഞ ദിവസം തൃത്താലയിൽ രോഗം സ്ഥിരീകരിച്ചവരുടെയും ചികിത്സ ജില്ലയ്‌ക്ക് പുറത്താണ്. ജില്ലയിലെ ആശുപത്രികളിൽ ചികിത്സക്കുള്ള മരുന്ന് എത്തിക്കുമെന്ന് ഡിഎംഒ അറിയിച്ചു. പ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹ രോഗികളിലുമാണ് ഫംഗസ് ബാധ ഗുരുതരമായി ബാധിക്കുന്നത്.
ഇത്തരം രോഗികളെ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ തൃത്താല, ചാലിശേരി സ്വദേശികളായ മൂന്നുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
ഞായറാഴ്‌ച രോഗബാധ സ്ഥിരീകരിച്ച ചാലിശേരി സ്വദേശി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിക്കുന്നത്.
ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങൾ
മൂക്കിന്റെ ഒരു ഭാഗം മാത്രം അടഞ്ഞിരിക്കുക, മൂക്കിൽ നിന്ന് ദുർഗന്ധം, പഴുപ്പ്, തുടർച്ചയായ പല്ല് വേദന, കണ്ണിന് ചുറ്റും നീര്, മുഖത്ത് നീര്, വേദന, തലവേദന, മോണയുടെ നിറംമാറ്റം എന്നിവയാണ് രോഗലക്ഷണങ്ങൾ










