പാലക്കാട്
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ മുന്നണിപ്പോരാളികളായ ആശാ വർക്കർമാരോടുള്ള കേന്ദ്രസർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ കോ–-ഓർഡിനേഷൻ ഓഫ് ആശാ വർക്കേഴ്‌സ് (സിഐടിയു) നേതൃത്വത്തിൽ ആശാ വർക്കർമാർ പണിമുടക്കി. ജോലിയിൽനിന്ന് വിട്ടുനിൽക്കാതെ ജോലി ചെയ്‌തുകൊണ്ടാണ് ജില്ലയിൽ ആശാ വർക്കർമാർ പ്രതിഷേധിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും സബ് സെന്ററുകൾക്കും മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
കടമ്പഴിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി കെ ഗീതയും കൊടുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ രമണിയും പങ്കെടുത്തു.
സൗജന്യവും സാർവത്രികവുമായ കോവിഡ് വാക്‌സിൻ ലഭ്യമാക്കുക, ആരോഗ്യ രംഗത്തെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ആശമാർക്ക് 10,000 രൂപ റിസ്‌ക് അലവൻസ് അനുവദിക്കുക, ആശമാർക്കും കുടുംബത്തിനും ഇൻഷുറൻസ് പരിരക്ഷ അനുവദിക്കുക, മിനിമം വേതനം അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.