പാലക്കാട്
മഴയും വെയിലും ഇടവിട്ടു നിൽക്കുന്ന കാലാവസ്ഥയിൽ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഇപ്പോൾ പെയ്യുന്ന മഴ ഡെങ്കിപ്പനി പടർത്താൻ സാധ്യതയുണ്ട്. ഏതാനും വർഷങ്ങളുടെ ഇടവേളയിൽ ഡെങ്കിപ്പനി രൂക്ഷമാവാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഈ മാസം ഇതുവരെ ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്‌തിട്ടില്ല.
പത്തുപേർ ഡെങ്കിപ്പനി ലക്ഷണവുമായി ചികിത്സ തേടിയെങ്കിലും ആർക്കും സ്ഥിരീകരിച്ചില്ല. എന്നാൽ നാലുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. മലിന ജലവുമായുള്ള സമ്പർക്കത്തിലൂടെയാണ് എലിപ്പനിയുണ്ടാവുന്നത്. വെള്ള വരകളുള്ള, പകൽ നേരങ്ങളിൽ കടിക്കുന്ന ഈഡിസ് കൊതുകാണ് ഡെങ്കിപ്പനി പടർത്തുന്നത്. ശുദ്ധജലത്തിലാണ് ഈ കൊതുക് മുട്ടയിട്ട് വളരുന്നത്. വീടിനുള്ളിൽ പാത്രങ്ങളിൽ ദിവസങ്ങളായി എടുത്തുവച്ചിരിക്കുന്ന വെള്ളം, ഫ്രിഡ്‌ജിൽ നിന്ന് പുറന്തള്ളുന്ന വെള്ളം എന്നിവ ഒഴിച്ചു കളയണം. വെള്ളം കെട്ടിക്കിടക്കാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കുകയെന്നതാണ് ചെയ്യാവുന്ന ഏറ്റവും പ്രധാന കാര്യം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണം. കടകളിൽ നിന്നും മറ്റും പാനീയങ്ങൾ കുടിക്കുമ്പോൾ ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം.
ഒരു തവണ ഡെങ്കിപ്പനി വന്നവർക്ക് വീണ്ടുംവന്നാൽ കൂടുതൽ അപകടകരമായേക്കും.