പാലക്കാട് .. കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ കഷ്ടപ്പെടുന്ന ജില്ലയിലെ ജനങ്ങൾക്ക് വേണ്ടി രൂപതയുടെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനത്തോടത്ത് വിളിച്ചു ചേർത്ത ഓൺലൈൻ മീറ്റിങ്ങിൽ രൂപതയിലെ സാമൂഹ്യ സേവന വിഭാഗവും, വിവിധ ആശുപത്രികളിലെ ഡയറക്ടേസും, രൂപതയിലെ മുഴുവൻ വൈദീകരും, സംഘടനാ പ്രതിനിധികളും, വിവിധ കോൺഗ്രിഗേഷൻ്റെ സുപ്പീരിയേഴ്സും, ജാതി മത ഭേദമന്യേ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃത സംസ്കാര ചടങ്ങുകൾ നടത്തുന്ന സമിരിറ്റൻസ് എന്ന സന്നദ്ധ സേനയുടെ പ്രതിനിധിയും മീറ്റിങ്ങിൽ പങ്കെടുത്തു.
കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ കാര്യക്ഷമമായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ രൂപതയിലെ 128 ഇടവകയോടും ചേർന്ന് പത്ത് പേർ അടങ്ങുന്ന “ക്രൈസിസ് മാനേജുമെൻ്റ് ടീം” രൂപീകരിക്കുവാനും, പൊതുജന സേവനത്തിനായ് ഹെൽപ് ഡസ്ക് തുടങ്ങുവാനും യോഗം തിരുമാനിച്ചു. രൂപതയുടെ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി പാവപ്പെട്ട രോഗികൾക്ക് അടിയന്തര സഹായം എത്തിക്കുവാൻ പലനാ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ ആബുലൻസ് സർവ്വീസ് ആരംഭിച്ചതായും, കോവിഡ് പരിശോധനക്കായ് സൗജന്യ ഒ.പി. വിഭാഗം തുറന്നതായും സയറക്ടർ ഫാ. വാൾട്ടർ സി. എം. ഐ അറിയിച്ചു.
ആശുപത്രികളിലെ വിവിധ സേവനങ്ങൾക്കായ് സന്യസ്ഥരും, യുവജനങ്ങളും തയ്യാറാണ് എന്ന് അവരെ പ്രതിനിധീകരിച്ച് മീറ്റിങ്ങിൽ പങ്കെടുത്തവർ അറിയിച്ചു.
രൂപതയുടെ കോവിഡ് കാല പ്രതിരോധ പോളിസിയുടെ ഭാഗമായി പൾസ് ഓക്സി മീറ്റർ സഹിതം മെഡിക്കൽകിറ്റ് വിതരണം ചെയ്യാനും, വീട്ടിൽ നിരിക്ഷണത്തിൽ കഴിയാൻ സൗകര്യം ഇല്ലാത്തവർക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കുവാനും, വാക്സിനേഷൻ രജിസ്ട്രേഷന് സഹായിക്കുവാനും, സഹായം ആവശ്യമായ പ്രായമായവരെയും രോഗികളെയും വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിക്കുവാനും, രൂപതയുടെ കോവിഡ് പ്രതിരോധ പോളിസി രൂപപ്പെടുത്താൻ ചേർന്ന മീറ്റിങ്ങിൽ നിർദ്ദേശമുണ്ടായി.
കോവിഡ് കാലത്ത് രൂപതയിലെ ഒരു കുടുംബം പോലും പട്ടിണി കിടക്കരുത് എന്ന് നിർദേശിച്ച മാർ ജേക്കബ് മനത്തോടത്ത് പിതാവ്, ഓരോ ഇടവക പരിധിയിലും വരുന്ന പാവപ്പെട്ട മനുഷ്യർക്ക് മനുഷ്യ സാധ്യമായ സഹായങ്ങൾ എത്തിക്കുന്നതിന് ഇടവക തലത്തിൽ രൂപീകരിക്കുന്ന ”ക്രൈസിസ് മാനേജുമെൻ്റ് ടീം” മുൻകൈയെടുക്കണം എന്ന് ഓർമമപ്പെടുത്തി. രൂപതയുടെ സാമൂഹ്യ സേവന വിഭാഗത്തിൻ്റെയും, പാലനാ ആശുപത്രിയുടെയും, വിവിധ സംഘടനകളുടെയും, രൂപതയിലെ 128 ഇടവകകളുടെയും, രൂപതയിലെ മുഴുവൻ വൈദീകരുടെയും, സന്യസ്ഥരുടെയും സഹകരണത്തോടെ പാലക്കാട് രൂപതയുടെ കോവിഡ് പ്രതിരോധ പോളിസി കാര്യക്ഷമമായി നടപ്പാക്കുമെന്ന് ഓൺലൈൻ മീറ്റിങ്ങിന് സ്വാഗതം ആശംസിച്ച രൂപതാ സഹായമെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അറിയിച്ചു.