ജില്ലയിൽ ജനകീയ ഹോട്ടലുകളില്ലാത്ത പഞ്ചായത്തുകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സമൂഹ അടുക്കളകൾ പ്രവർത്തിച്ചുതുടങ്ങും. തിരുവേഗപ്പുറ, മുതലമട പഞ്ചായത്തുകളിലും ഒറ്റപ്പാലം, മണ്ണാർക്കാട് നഗരസഭകളിലുമാണ് അടുത്ത ദിവസങ്ങളിൽ അടുക്കള തുറക്കുക. കണ്ണാടി, പെരുവെമ്പ്, കുത്തനൂർ പഞ്ചായത്തുകളിൽ രണ്ടു ദിവസത്തിനകം കുടുംബശ്രീ ജനകീയ ഹോട്ടൽ തുറക്കും. ജനകീയ ഹോട്ടലുണ്ടെങ്കിലും ചിറ്റൂർ–-തത്തമംഗലം നഗരസഭയിൽ സമൂഹ അടുക്കളയും തുടങ്ങി.
പഞ്ചായത്തുമായി സഹകരിച്ച് ജില്ലയിൽ കുടുംബശ്രീ 90 ജനകീയ ഹോട്ടൽ നടത്തുന്നുണ്ട്. പഞ്ചായത്തുകളുടെ ആവശ്യാനുസരണം ഭക്ഷണക്കിറ്റുകൾ ജനകീയ ഹോട്ടലുകളിൽനിന്ന് ലഭ്യമാക്കും. എത്രപേർക്ക് ഭക്ഷണം ആവശ്യമുണ്ടെന്നുള്ള വിവരം പഞ്ചായത്തുകൾ ശേഖരിച്ചുവരികയാണ്. ക്വാറന്റൈനിൽ കഴിയുന്നവർ, മറ്റ് അശരണർ തുടങ്ങി സൗജന്യ ഭക്ഷണം ആവശ്യമുള്ളവർക്ക് വളണ്ടിയർമാർ വഴി വീടുകളിൽ എത്തിക്കും.
കഴിഞ്ഞ വർഷം ലോക്‌ഡൗണിൽ ജില്ലയിൽ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 103 സമൂഹ അടുക്കള പ്രവർത്തിച്ചിരുന്നു.