ഷൊർണൂർ റെയിൽവേ സബ് ഡിവിഷണൽ ആശുപത്രി സന്ദർശിച്ചു. റെയിൽവേ ചുമതലപ്പെടുത്തിയ മൽഹോത്ര കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം സബ്ഡിവിഷണൽ ആശുപത്രി ആയിരുന്ന ഷൊർണൂരിനെ പോളിക്ലീനിക്കായി തരംതാഴ്ത്തണമെന്ന് ശുപാർശ നൽകിയതായി അറിയുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളായി ഷൊർണൂർ റെയിൽവേ ജംഗ്ഷന് സമീപം വലിയ സൗകര്യത്തോടുകൂടി പ്രവർത്തിച്ചുവരുന്ന ഈ ആശുപത്രിയെ തരംതാഴ്ത്താനുള്ള നീക്കം ശക്തമായി എതിർക്കും. 32 സ്റ്റാഫും, 2 ഡോക്ടറുമായിട്ടാണ് ഇപ്പോൾ ആശുപത്രി പ്രവർത്തിക്കുന്നത്. ഏകദേശം നാലായിരത്തോളം റെയിൽവേ ജീവനക്കാർ ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനേക്കാൾ അധികം റിട്ടേഡ് റെയിൽവേ ജീവനക്കാരുടേയും ആശ്രയം ഈ ആശുപത്രിയാണ്. പതിനായിരത്തോളം പേർ ചികിത്സ തേടുന്ന ഈ ആശുപത്രി നിലനിർത്താൻ ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സതേൺ റെയിൽവേ ജനറൽ മാനേജറുമായി തിങ്കളാഴ്ച്ച ചർച്ച നടത്തും. ഷൊർണൂർ റെയിൽവേയുടെ പ്രതാപകാലത്ത് ആരംഭിച്ചതാണ് ഈ ആശുപത്രി . ഒരു ഏക്കറിൽ അധികം വരുന്ന സ്ഥലത്ത് ഏകദേശം 8,000 സ്ക്വയർ ഫീറ്റ് വരുന്ന കെട്ടിടവും ഇത്രയധികം സൗകര്യവും, റെയിൽവേ ജീവനക്കാർക്കും ആശ്രിതർക്കും മാത്രമല്ല പൊതുജനങ്ങൾക്ക് കൂടി പ്രയോജനകരമായി ആധുനികവത്കരിക്കുകയാണ് വേണ്ടതെന്ന് മന്ത്രിക്കയച്ച ഇമെയിൽ സന്ദേശത്തിൽആവശ്യപ്പെട്ടു.










