“ഒരു നഴ്സു പോലുമില്ലാത്ത പ്രാഥമികാരോഗ്യകേന്ദ്രം”
നെല്ലിയാമ്പതി: മലയോരമേഖലയായ നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികളും, ആദിവാസികളും, അന്യസംസ്ഥാന തൊഴിലാളികളും, വിനോദസഞ്ചാരികളും ചികിത്സയ്ക്കായി ആശ്രയിക്കുന്നത് കൈകാട്ടിയിൽ സ്ഥിതിചെയ്യുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തെ ആണ്. എന്നാൽ കോവിഡ് മഹാമാരി രൂക്ഷമായി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ നെല്ലിയാമ്പതിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി നേഴ്സ് ഇല്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. പതിനെട്ടോളം ജീവനക്കാരുള്ള സ്ഥാപനത്തിൽ നാളിതുവരെ സ്റ്റാഫ് നേഴ്സ് തസ്തിക ലഭിച്ചിട്ടില്ല. പൊതുജനാരോഗ്യ വിഭാഗത്തിന് കീഴിൽ നാല് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ തസ്തിക ഉണ്ടെങ്കിലും, വർഷങ്ങളായി രണ്ടു തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. നിലവിൽ ഉണ്ടായിരുന്ന രണ്ട് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരിൽ കഴിഞ്ഞദിവസം ഒരു ജെ. പി എച്ച് എൻ കോവിഡ് പോസിറ്റീവ് ആവുകയും, മറ്റൊരു ജെ പി എച്ച് എൻ ഹൈറിസ്ക് പ്രൈമറി കോണ്ടാക്ടിൽ പെട്ടത് കൊണ്ട് കോറന്റനിൽ പ്രവേശിക്കുകയും ചെയ്തതോടെ നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മരുന്നിനുപോലും നഴ്സുമാർ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് കാരണം ദിനംപ്രതി ഒപിയിൽ വരുന്ന രോഗികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ പോലും ചികിത്സയുടെ ഭാഗമായി ഇഞ്ചക്ഷൻ ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.സ്റ്റാഫ് നേഴ്സ് തസ്തിക ഇല്ലാത്തതു കാരണം ദേശീയ ആരോഗ്യ ദൗത്യം താൽക്കാലിക അടിസ്ഥാനത്തിൽ ഒരു സ്റ്റാഫ് നഴ്സിനെ നിയമിച്ചെങ്കിലും അവരും മൂന്ന് മാസത്തിനു മുമ്പേ സ്ഥലം മാറിപ്പോയി. ഇതു കൂടാതെ ഒരു ഹെൽത്ത് ഇൻസ്പെക്ടറുടെയും, 3 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുഡേയും തസ്തിക ഉള്ള പ്രസ്തുത സ്ഥാപനത്തിൽ, നിലവിൽ രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാത്രമാണ് ഉള്ളത്. ഹെൽത്ത് ഇൻസ്പെക്ടറുടെ തസ്തിക കഴിഞ്ഞ ഒമ്പത് മാസമായി ഒഴിഞ്ഞുകിടക്കുകയാണ്.നിലവിലെ 2 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരിൽ കഴിഞ്ഞദിവസം ഒരു ജെ പി എച്ച് എൻ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കോറന്റനിൽ പോയതോടെ, 13 വാർഡുകൾ ഉള്ള നെല്ലിയാമ്പതി പഞ്ചായത്ത് പ്രദേശത്ത് നിലവിൽ ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാത്രമാണ് ഡ്യൂട്ടിയിൽ ഉള്ളത്. കോവിഡ് പശ്ചാത്തലത്തിൽ 13 വാർഡുകളിലും കോറന്റൻ സംവിധാനം ഉറപ്പുവരുത്തുക, സമയബന്ധിതമായി ഡെയിലി റിപ്പോർട്ടുകൾ അയക്കുക, അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന തൊഴിലാളികളെ വീടുകളിൽ ചെന്ന് കോറന്റനിൽ ആക്കി നോട്ടീസ് ഒട്ടിക്കുക,കോവിഡ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുക,ഹെൽത്ത് ഇൻസ്പെക്ടറുടെ ചുമതലകൾ നിർവഹിക്കുക, പഞ്ചായത്ത് ഇലക്ഷനെ തുടർന്ന് കോറന്റനിൽ കഴിയുന്ന വോട്ടർമാരുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യുക, കൂടാതെ ഇലക്ഷനോട് അനുബന്ധിച്ച് കോവിഡ് നോഡൽ ഓഫീസറായി പ്രവർത്തിക്കുക, എന്നീ ഭാരിച്ച ജോലികൾ ഏക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആണ് ചെയ്തുകൊണ്ടിരിക്കുന്നത്.
നിലവിൽ ആശ മാരുടെ സേവനം പോലും ലഭ്യമല്ലാത്ത സാഹചര്യമാണ് ഈ സ്ഥാപനത്തിൽ ഉള്ളത്.പാവപ്പെട്ട തോട്ടം തൊഴിലാളികളും ആദിവാസികളും ചികിത്സയ്ക്കായി മറ്റൊരു സ്ഥാപനത്തെ സമീപിക്കണം എങ്കിൽ 40 കിലോമീറ്റർ ദൂരം വന്യമൃഗങ്ങളുടെ ഭീഷണിയിൽ, ചുരം പാതയിൽ കൂടി നെന്മാറയിൽ എത്തുക എന്നുള്ളത് നിലവിലെ കോവിഡ് പശ്ചാത്തലത്തിൽ വളരെ ബുദ്ധിമുട്ട് ഉളവാക്കുന്ന പ്രക്രിയയാണ്.പ്രസ്തുത സാഹചര്യത്തിൽ നെല്ലിയാമ്പതിയുടെ കവാടമായ കൈകാട്ടിൽ സ്ഥിതിചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് അടിയന്തരമായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ എങ്കിലും നിയമനം നടത്തണം എന്നുള്ള ആവശ്യം ശക്തമാകുന്നു.ഇത് സംബന്ധിച്ച തോട്ടം തൊഴിലാളികൾ മുഖ്യമന്ത്രിക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി അയക്കാൻ ഒരുങ്ങുകയാണ്.
ഫോട്ടോ: നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രം