മുളഞ്ഞൂരിൽ പത്തേക്കർ നെൽക്കൃഷി നശിക്കുന്നു
ഒരു പതിറ്റാണ്ടുമുമ്പ് വരെ പാടശേഖരത്തിലേക്ക് ജലസേചനം നടത്തിയിരുന്ന പമ്പ് ഹൗസ് നശിച്ചതോടെയാണ് 100 ഏക്കറോളം വരുന്ന നെൽക്കൃഷി പ്രതിസന്ധിയിലായത്.
പമ്പ്ഹൗസ് നശിച്ചതോടെ പൂർണമായും മഴയെ ആശ്രയിച്ചായി പ്രദേശത്തെ ഇരുപ്പൂവൽ നെൽക്കൃഷി.
ഇത്തവണ തുലാമഴയും ചതിച്ചതോടെയാണ് കർഷകരേറെ ദുരിതത്തിലായത്. ഒന്നാംവിള വെള്ളത്തിൽവീണ് പാതിയിലേറെ നശിച്ചിരുന്നു.
രണ്ടാം വിള നട്ട് രണ്ടരമാസം കഴിഞ്ഞതോടെ വരൾച്ചയുമായി. പ്രദേശത്തെ നെൽക്കൃഷി നിലനിർത്താൻ ജലസേചനസൗകര്യം ലഭ്യമാക്കണമെന്ന് പാരമ്പര്യ നെൽക്കർഷകരായ എം.എൻ. സുന്ദരൻ, ആർ. ശാന്ത, എം. മൂസ, എം. മൊയ്തുണ്ണി എന്നിവർ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ വെള്ളം ലഭ്യമായില്ലെങ്കിൽ വിള പൂർണമായും നശിക്കും.
2009-ൽ പഴയ മോട്ടോർപ്പുര നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കം ഉടലെടുത്തതിനെത്തുടർന്നാണ് പ്രശ്‌നം കോടതിയിലെത്തിയത്.
സ്വകാര്യവ്യക്തിയും പാടശേഖരസമിതിയും തമ്മിലുള്ള തർക്കത്തിന് ഒരുപതിറ്റാണ്ട് കഴിഞ്ഞിട്ടും പരിഹാരമായില്ല. ഇതിനിടെയാണ് മോട്ടോർപ്പുരയും മോട്ടോറും മറ്റ് സാധനങ്ങളും നശിച്ചുപോയത്.