പാലക്കാട്
ആദിവാസി സമൂഹത്തിന്റെ ഹൃദയഭൂമിയായ അട്ടപ്പാടിയിന്ന് മാറ്റത്തിന്റെ പാതയിലാണ്. ഈ വികസനവഴിയിൽ കരുത്തായി കൂടെനിൽക്കുന്നത് കുടുംബശ്രീ. സാമ്പത്തികംമുതൽ വിദ്യാഭ്യാസംവരെ എല്ലാ മേഖലയിലും ഇടപെടുന്നു. എൽഡിഎഫ് സർക്കാർ കഴിഞ്ഞ നാലര വർഷത്തിനിടെ ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് പ്രത്യേക ഊന്നൽ നൽകി.
കൊള്ളപ്പലിശക്കാരിൽനിന്ന് മോചനത്തിനായി ‘മുറ്റത്തെ മുല്ല’ നടപ്പാക്കിയപ്പോൾ പ്രഥമ പരിഗണന അട്ടപ്പാടിക്കായിരുന്നു. ആദിവാസി വിഭാഗങ്ങളെ പരമ്പരാഗത കൃഷികളിലേക്ക് മടക്കിക്കൊണ്ടുവന്നു. സമൂഹ അടുക്കളകൾ വഴി പോഷകാഹാരം നൽകുന്നു. സ്‌ത്രീ ശാക്തീകരണത്തിന്റെ ഏടുകളിൽ എഴുതിച്ചേർക്കാവുന്ന അധ്യായമാണ് കുടുംബശ്രീ അട്ടപ്പാടിയിൽ രചിച്ചത്. 775 അയൽക്കൂട്ടങ്ങളിലായി 8547 അംഗങ്ങളുണ്ട്.
ആദിവാസികൾക്ക് വിശപ്പകന്നു
കുടുംബശ്രീ സമൂഹ അടുക്കളകൾ സജീവമാണ്. 186 ഊരുകളിലായി 13,004 പേരെ രണ്ടുനേരം അന്നമൂട്ടുന്നു. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ, മാനസിക രോഗമുള്ളവർ, കിടപ്പുരോഗികൾ, ഒറ്റപ്പെട്ടുകഴിയുന്നവർ തുടങ്ങി പോഷകാഹാരം ആവശ്യമുള്ളവർക്ക് സമൂഹ അടുക്കളയിലൂടെ ഭക്ഷണം നൽകുന്നു.
ചോളം, ചാമ, റാഗി തുടങ്ങി ആദിവാസി വിഭാഗങ്ങളുടെ പരമ്പരാഗത ധാന്യങ്ങൾ ഉൾപ്പെടുത്തി പോഷക സമൃദ്ധമായ ഭക്ഷണമാണ് ലഭ്യമാക്കുന്നത്