കവിത – അജേഷ്.പി
പൊരിവെയിലിൻ്റെ
ബഹളത്തിനിടയിലായിരുന്നു
പുഞ്ചക്കണ്ടത്തിൻ്റെ
ഹൃദയത്തിനു കുറുകെ
നീട്ടിയൊരു ക്രിക്കറ്റു
പ്പിച്ചൊരുക്കി ടീമിട്ടത്
ഒരാൾ താഴ്ന്നുപോയൊരു
കഥയുടെ വട്ടത്തിൽ
കന്നുപൂട്ടിൻ്റെ താളത്തിൽ
ഒറ്റക്കാലൂന്നിയാണ്
പാഞ്ഞു വരുന്ന റബറും പന്തിനെ
പേരിടാത്തൊരു ബാറ്റുകൊണ്ട്
അതിരു കടത്തി വിട്ടത്.
വായുവിനെ ഭേദിച്ച്
പറന്നു പോയൊരു സിക്സറായിരുന്നു
പാലുറച്ച നെല്ലിൻ മണത്തെ
ആദ്യം വരമ്പുകടത്തി വിട്ടത്.
വേഗം കൊണ്ട് കീഴടക്കാനാവത്ത
പന്തിനൊപ്പം ഓടിയ കഥകളത്രയും
ഒരു യന്ത്ര പാച്ചിലിൽ
വിലയിടിഞ്ഞൊരു
മൂലയിൽ തളംകെട്ടി
കിടപ്പുണ്ട്.
എറിഞ്ഞു വീഴ്ത്തിയ
വിക്കറ്റുവേട്ടക്കാരിൽ നിന്നും
ഉതിർന്നു വീണ തുപ്പലിൻ്റെ
നനവിൽ പിച്ചിൻ്റെ
ഒത്ത നടുപിടിച്ചാണ്
കോൺക്രീറ്റ് വില്ലകൾ
പൊട്ടിമുളച്ചുയർന്നത്.
ഓടിത്തളർന്ന നിമിഷങ്ങളും
കൈപ്പിടിയിൽ ഒതുങ്ങിയ
ആരവങ്ങളും
ദൂരേക്ക് ചാടി തടുത്ത റൺസും,
ഒരു പന്തിൻ്റെ വട്ടത്തിലൊതുങ്ങി
അഞ്ചാം നിലയിൽ
ടറസ്സിൻ്റെ മണ്ടയിൽ
ഗൂഗ്ലി ബോളിൻ്റെ വേഗതയിൽ
ഓർമകളെണ്ണി
വെയിലുകായുന്നുണ്ടിന്ന്
പുഞ്ചക്കണ്ടത്തിൽ.