ജില്ലയിൽ നവംബർ മാസത്തെ സാമൂഹ്യ ക്ഷേമപെൻഷൻ വിതരണം സഹകരണസംഘങ്ങൾ വഴി ആരംഭിച്ചു. 2,85,870 പേർക്ക് 39.16 കോടി രൂപ ഇതിനായി അനുവദിച്ചു. കർഷകത്തൊഴിലാളി പെൻഷൻ 39,487 പേർക്കും വാർധക്യകാല പെൻഷൻ 1,37,103 പേർക്കും അംഗപരിമിത പെൻഷൻ 21,577 പേർക്കും അവിവാഹിത പെൻഷൻ 6,862 പേർക്കും വിധവാ പെൻഷൻ 80,841 പേർക്കുമാണ് അനുവദിച്ചത്. 107 സഹകരണ സംഘങ്ങൾ വഴി 1,780 ഏജന്റുമാർ പെൻഷൻ നേരിട്ട് ഗുണഭോക്താക്കളുടെ കൈകളിൽ എത്തിക്കുന്നു. 30നകം വിതരണം പൂർത്തിയാക്കും.
ഇതിനുപുറമെ 1.25 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയും നൽകുന്നു. ക്ഷേമപെൻഷൻ 100 രൂപ വർധിപ്പിച്ച് 1,400 ആക്കി എല്ലാമാസവും നൽകുന്നതിന് സർക്കാർ ഉത്തരവായ ശേഷമുള്ള മൂന്നാമത്തെ വിതരണമാണ് ഇപ്പോൾ നടക്കുന്നത്. എല്ലാ മാസവും 20നും 30നുമിടയിൽ നൽകാനാണ് സർക്കാർ ഉത്തരവ്.