സി കൃഷ്ണകുമാറിനെതിരെ വാര്‍ത്താസമ്മേളനം ; ഭാര്യാമാതാവിനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ ഗുരുതര വെളിപ്പെടുത്തലുകള്‍ നടത്തിയ ഭാര്യാമാതാവിനെ അപായപ്പെടുത്താൻ ശ്രമം. കൃഷ്ണകുമാറിന്റെ ഭാര്യയും പാലക്കാട് നഗരസഭ 18-ാം വാർഡ് ബിജെപി സ്ഥാനാർഥിയുമായ മിനി കൃഷ്‌ണകുമാർ കാർ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി അമ്മ സി കെ വിജയകുമാരി ടൗൺ നോർത്ത് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. വിജയകുമാരി മിനിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു. കൃഷ്‌ണകുമാർ കുടുംബസ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നതായും ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായും വിജയകുമാരിയും മകൾ സിനി സേതുമാധവനും ശനിയാഴ്ച വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. പിന്നാലെയാണ് അപായപ്പെടുത്താന്‍ ശ്രമം നടന്നത്.
രാത്രി എട്ടോടെ അയ്യപുരത്തെ വീടിനുമുന്നിലെ പൊതുപൈപ്പിൽനിന്ന് വെള്ളമെടുക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം. പ്രധാന റോഡിൽനിന്ന് മിനി കാര്‍ അതിവേഗം ഓടിച്ച് തന്റെ നേരെ വന്നെന്നും ഒഴിഞ്ഞുമാറിയതിനാൽ രക്ഷപ്പെടുകയായിരുന്നെന്നും വിജയകുമാരി പരാതിയില്‍ പറഞ്ഞു. തുടർന്ന് മിനി അസഭ്യം പറയുകയും ‘നിന്നെ കാണിച്ചു തരാമെന്ന്’ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. സിനിക്കൊപ്പമാണ് വിജയകുമാരി താമസിക്കുന്നത്