തൃത്താല: പത്ത് വർഷത്തിലേറെയായി നാട്ടുകാരുടെ സ്വപ്നമാണ് വെള്ളിയാംകല്ല്-ചാഞ്ചേരിപറമ്പ് കോളനി തീരദേശ റോഡ്. ചാഞ്ചേരിപറമ്പ് കോളനിവാസികൾ റോഡിനായി ഭീമഹരജികൾ നൽകി മടുത്തു. ഓരോ തെരഞ്ഞെടുപ്പുകാലത്തും പാര്‍ട്ടിക്കാര്‍ വന്ന് കോളനിവാസികളുടെ ഈ സങ്കടത്തില്‍ ചേരുമെങ്കിലും പിന്നീട് ഉറപ്പുകൾക്കൊന്നും വിലയുണ്ടാകാറില്ല. പരുതൂര്‍ പഞ്ചായത്ത് പരിധിയിലാണ് ചാഞ്ചേരിപറമ്പ് കോളനി. വെള്ളിയാംകല്ല് ജലസംഭരണിയുടെ അരികിലൂടെയാണ് റോഡ് കടന്നുപോകുന്നത്. കുണ്ടുംകുഴിയുമായി കിടക്കുന്ന പാതയില്‍ മഴക്കാലമായാല്‍ വെള്ളക്കെട്ടും ചളിയുമാണ്.
സ്കൂള്‍ കുട്ടികൾ ഉള്‍പ്പെടെ കാല്‍നടയാത്രയാണ് പതിവ്. വെള്ളക്കെട്ടാവുേമ്പാള് കുട്ടികളും പ്രായമായവരും സംഭരണിയുടെ തിട്ടകളിലൂടെയാണ് കയറിനടക്കുക. അപകടകരമാണ് ഇൗ യാത്ര. 2010ൽ കോളനിവാസികൾ യോഗംചേര്‍ന്ന് റോഡ് വികസനസമിതി രൂപവത്കരിച്ച് ജില്ല കലക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് 42 ലക്ഷത്തിെൻറ അടങ്കൽ തയാറാക്കി സർക്കാറിന് സമർപ്പിച്ചിരുന്നു.
തുടർന്ന് റോഡിനായി 25 ലക്ഷം അനുവദിക്കുകയും ടെൻഡർ നടപടി പൂർത്തിയാക്കുക ചെയ്തെങ്കിലും റോഡ് യാഥാർഥ്യമായില്ല. വിഷയത്തിൽ, സംസ്ഥാന മനുഷ്യാവകാശ കമീഷൻ വരെ ഇടപെട്ടിട്ടും അധികൃതർ അലംഭാവമാണ് കാണിച്ചതെന്ന് റോഡ് വികസനസമിതി കൺവീനർ ചോലയിൽ വേലായുധൻ ആരോപിച്ചു.