മണ്ണാർക്കാട്: മുസ്ലിം ലീഗിൽ മൂന്നു തവണ ജനപ്രതിനിധികളായവർക്ക് മത്സരിക്കാനുള്ള വിലക്ക് മറികടക്കാൻ സ്വതന്ത്ര പരിവേഷം അണിഞ്ഞ വനിത നേതാവിന് അവസാനം യു.ഡി.എഫ് സ്വതന്ത്രയായി അംഗീകാരം.
നഗരസഭയിലെ വാർഡ് 25ലാണ് വനിത ലീഗ് ജില്ല ജോയൻറ് സെക്രട്ടറിയായ മാസിത സത്താറിന് യു.ഡി.എഫ് സ്വതന്ത്രയായി സ്ഥാനാർഥിത്വം ലഭിച്ചത്. കഴിഞ്ഞ തവണ കൗൺസിലറായിരുന്ന മാസിത അതിനു മുമ്പ് രണ്ടു തവണ പഞ്ചായത്ത് അംഗവുമായിരുന്നു.
തുടക്കത്തിൽ തന്നെ മാസിതയുടെ സ്ഥാനാർഥിത്വം ചർച്ചയായിരുന്നു. മണ്ണാർക്കാട് നഗരസഭ ചെയർപേഴ്‌സൺ സുബൈദക്ക് മൂന്നു തവണയെന്ന നിയന്ത്രണ രേഖ മറികടക്കാൻ കഴിഞ്ഞിരുന്നില്ല. സുബൈദയെ വീണ്ടും മത്സരിപ്പിക്കാൻ പ്രാദേശിക നേതൃത്വം ഉദ്ദേശിച്ചിരുന്നെങ്കിലും നഗരസഭയിലെ അവസാനനാളുകളിൽ ഉയർന്നുവന്ന വിവാദങ്ങളുൾപ്പെടെ പ്രതികൂലമായതിനെ തുടർന്ന് മേൽഘടകം അനുമതി നൽകിയില്ല.
ഇതിനിടയിലും മാസിതയുടെ വാർഡിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല. മുസ്ലിം ലീഗിെൻറ സീറ്റായ ഇവിടെ മാസിതയുടെ പൊതുസമ്മതി കൂടി കണക്കിലെടുത്താണ് യു.ഡി.എഫ് പൊതുസ്വതന്ത്രയായി മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഇതുവഴി പാർട്ടിയുടെ നിയന്ത്രണം മറികടക്കാനുമായി. മണ്ണാർക്കാട് ബ്ലോക്ക് വനിത സഹകരണ സംഘം പ്രസിഡൻറാണ് മാസിത സത്താർ