പാലക്കാട് ജില്ലാ ആശുപത്രി മാറ്റത്തിന്റെ പാതയിൽ .
, കിഫ്ബിയിലൂടെ 127.15 കോടി രൂപയുടെ വികസനം യാഥാർഥ്യമാകുന്നതോടെ ആറുനിലയിൽ ഹൈടെക് ആശുപത്രി ഒരുങ്ങും. രണ്ടുലക്ഷം ചതുരശ്ര അടിയിലാണ് നഗരഹൃദയത്തിൽ അത്യാധുനിക ആശുപത്രി കെട്ടിടം ഉയരുന്നത്. സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ച വിശദ പദ്ധതിരേഖ കിഫ്ബിയുടെ പരിഗണനയിലാണ്.
ജില്ലാ ആശുപത്രിയിലെ പഴക്കമുള്ള 11 കെട്ടിടം പൊളിച്ചാണ് നിർമാണം. പൊളിക്കേണ്ട കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കി. ജില്ലാ ആശുപത്രിയുടെ പിന്നിലുള്ള കെട്ടിടങ്ങളാണ് പൊളിക്കുന്നത്.
പുതുതായി ഉയരുന്ന കെട്ടിടത്തിൽ മെഡിക്കൽ സ്പെഷ്യാലിറ്റി, സർജിക്കൽ സ്പെഷ്യാലിറ്റി എന്നിങ്ങനെ വിപുലമായ സൗകര്യമുണ്ടാകും. ഭൂമിക്കടിയിലും ഒരു നില പണിയും. ഇവിടെ റേഡിയോളജി വിഭാഗം പ്രവർത്തിക്കും. താഴത്തെ നില, ഒന്നാംനില എന്നിവിടങ്ങളിൽ ഒപി പ്രവർത്തിക്കും. രണ്ടും മൂന്നും നിലയിൽ വാർഡും ഐസിയുവുമാണ്. നാലാംനിലയിൽ അഞ്ച് ഓപ്പറേഷൻ തിയറ്റർ, പോസ്റ്റ് ഓപ്പറേഷൻ, പ്രീ–-ഓപ്പറേഷൻ എന്നിവ സജ്ജമാക്കും. 240 കിടക്കകളുള്ള വാർഡാണ് ഒരുക്കുന്നത്.
ഐസിയു, നിരീക്ഷണ ഐസിയു (സ്റ്റെപ്പ്ഡൗൺ ഐസിയു) എന്നിവയിൽ 48 കിടക്കകളും റിക്കവറി, പോസ്റ്റ് ഓപ്പറേഷൻ, പ്രീ–-ഓപ്പറേഷൻ എന്നിവയിൽ 59 കിടക്കയും ഒരുക്കും.